ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, December 20, 2006

അ(സാധാരണന്‍)

അസാധാരണനെ ആദ്യമായി കണ്ട ദിവസം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്‌. റിഷപ്ഷനിലെ കസേരകളില്‍ ഒന്നില്‍ ചുരുണ്ട്‌ കൂടിയിരുന്ന സ്ഥൂലശരീരനെ കണ്ടപ്പോള്‍ ഇത്രക്ക്‌ കിടിലന്‍ ആണു ആള്‍ എന്ന് തോന്നിയതേയില്ല.

"ദേ, യെവന്‍ നിന്റെ നാട്ടുകാരനാണല്ലോ....ഗഡിക്കു താമസിക്കാന്‍ ഒരു വീട്‌ വേണം" എന്ന് എനിക്ക്‌ പരിചയപ്പെടുത്തിയത്‌ ആരായിരുന്നോ എന്തോ..

എങ്കിലും ഇഷ്ടന്റെ ആദ്യ ഡയലോഗ്‌ എനിക്ക്‌ നന്നേ ഇഷ്ടപ്പെട്ടു.

"ഹേയ്‌ ഞാന്‍ അവിടെ ഒരു ഉടായിപ്പ്‌ സെറ്റപ്പില്‍ വര്‍ക്ക്‌ ചെയ്യുകയായിരുന്നു. പിന്നെ നിങ്ങളുടെ എംഡിയുടെ വൈഫുണ്ടല്ലോ..അവര്‍ എന്റെ ഒരു ബന്ധുവാണു. അങ്ങനെയാണു ഇവിടെ ജോയിന്‍ ചെയ്തത്‌.."

ഇവന്‍ ആളു ചില്ലറക്കാരന്‍ അല്ലല്ലോ എന്ന് അന്നേ തോന്നി. സാധാരണ പുതിയ മലയാളി പിള്ളേര്‍ ഒരേ ജാഡ ഐറ്റമാണു.
"ഇന്‍ഫിയില്‍ നിന്നും , സത്യത്തില്‍ നിന്നും ഓഫര്‍ കിട്ടിയതാ...അന്നേരം യു.എസില്‍ എം,എസ്‌ ചെയ്യണമെന്ന് വിചരിച്ചിരുന്ന സമയമായിരുന്നതിനാല്‍ ചേര്‍ന്നില്ല.." എന്ന മട്ടില്‍ നമ്മളുമായി ഒരു അകലത്തില്‍ നില്‍ക്കും...

ഇവനാണേല്‍ ഇപ്പ്പോ കണ്ട എന്റെ അടുത്ത്‌ ഉടായിപ്പിനെക്കുറിച്ച്‌ വരേ പറഞ്ഞു കഴിഞ്ഞു.എന്താണേലും യെവനെ സൂക്ഷിക്കണം...പോരാത്തതിനു എംഡിയുടെ അടുത്ത ബന്ധുവുമല്ലേ..

നാലു പേര്‍ക്ക്‌ താമസിക്കാവുന്ന വീട്ടില്‍ മൂന്ന് പേര്‍ മാത്രം താമസിക്കുന്നതില്‍ മനോവിഷമവുമായി ഒരു സഹമുറിയനെത്തപ്പിക്കൊണ്ടിരുന്ന എന്റെ പ്രിയ സുഹൃത്ത്‌ എന്താണേലും ഇഷ്ടനെ ഏറ്റെടുത്തു. ഇഷ്ടന്റെ ഉടായിപ്പ്‌ കഥ പിന്നെയും പലരുടെയും അടുത്ത്‌ പറഞ്ഞതായി അറിയുന്നുണ്ടായിരുന്നു..
വീട്ടീലെ ഇഷ്ടന്റെ കൊച്ചുകൊച്ചു നുറുങ്ങുകള്‍ പ്രിയസുഹൃത്ത്‌ ഇടവേളകളില്‍ പറഞ്ഞ്‌ ഞങ്ങളെ ഉന്മേഷഭരിതരാക്കാരുണ്ടായിരുന്നു..

ഒരു സാമ്പിള്‍....

"ഒരു കാര്യം ചോദിച്ചാല്‍ ഒന്നും വിചാരിക്കരുത്‌..." ഇഷ്ടന്‍ രാവിലെ പ്രിയ സുഹൃത്തിന്റെ അടുത്ത്‌ പറഞ്ഞു...
"എന്താടാ..."
"അല്ല...ഞാന്‍ അങ്ങനെയുള്ള ആളല്ല...."
"എന്തു പറ്റി..എന്താ കാര്യം..?" . സുഹൃത്ത്‌ ടെന്‍ഷനിലായി..
"മാഷിന്റെ പോക്കറ്റില്‍ കിടക്കുന്ന..."
"പോക്കറ്റില്‍ കിടക്കുന്ന....?"
"പോക്കറ്റില്‍ കിടക്കുന്ന സിഗരറ്റ്‌ പാക്കില്‍ നിന്നും ഒരെണ്ണം കടം തരുമോ..?"
"പണ്ടാരം..എടാ ശവീ നിനക്കതങ്ങ്‌ നേരേ ചോദിച്ചാല്‍ പോരായിരുന്നോ..?"
പുതുമോടിയില്‍ തെറി വിളിക്കേണ്ടല്ലോ എന്നോര്‍ത്ത്‌ സുഹൃത്ത്‌ ക്ഷമിച്ചു.

ഈയ്യടുത്ത കാലത്ത്‌ എന്നെയും, വാമഭാഗത്തെയും ഇഷ്ടന്‍ ഇതു പോലേ കുറച്ചു നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തി...
മാര്‍ക്കറ്റില്‍ നിന്നും പ്രിയതമയുടെ എവര്‍ ഫേവറൈറ്റ്‌ പച്ചക്കപ്പയും മീനും വാങ്ങി വരുന്ന വഴിക്കാണു ഇഷ്ടനെ കണ്ടത്‌....വലിച്ചു കൊണ്ടിരുന്ന സിഗരറ്റ്‌ ഇഷ്ടന്‍ വാമഭാഗം കാണാതെ ഒളിപ്പിക്കാന്‍ തത്രപ്പെടുന്നത്‌ കണ്ട്‌ വാങ്ങി ഒരു പഫ്‌ എടുക്കുന്നിതിനിടയില്‍ ഇഷ്ടന്റെ ചോദ്യം...
"ഒരു കാര്യം ചോദിക്കണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു...."
"എന്തു പറ്റി മാഷേ.."
"ഒരു കറുത്ത അള്‍ട്ടോ കാര്‍ നിങ്ങളുടെ ചേട്ടന്റെയാണോ..."
"അതേ..എന്താ..".... രണ്ട്‌ മിനുറ്റ്‌ നിശബ്ദത...
"കെ. എല്‍ - 7 നമ്പര്‍ ഉള്ളതല്ലേ."
"അയ്യോ എന്തു പറ്റി...വല്ല അപകടവും,,.." വാമഭാഗം കരച്ചിലിന്റെ വക്കോളമെത്തി...
"ഹേയ്‌ അല്ല..കഴിഞ്ഞ ദിവസം ഇതിലേ പോകുന്നത്‌ കണ്ടു....അപ്പോ മുതല്‍ ചോദിക്കാന്‍ ഓര്‍ക്കുന്നതാ നിങ്ങളുടെ ചേട്ടന്റെയാണോ എന്ന്.."

വാമഭാഗം ഒരക്ഷരം മിണ്ടാതെ സ്കൂട്ടറിന്റെ പിന്നില്‍ കയറിയിരുന്നു പോകാം എന്ന ഭാവേന എന്റെ തോളില്‍ തട്ടി.

Monday, December 18, 2006

തല ചായ്ക്കാനൊരിടം

വീണ്ടുമൊരു വീടുമാറ്റക്കാലം...
മദിരാശിയിലേക്ക്‌ പറിച്ചു നടപ്പെട്ടിട്ട്‌ 3 വര്‍ഷം തികയാറായി...ഈ മഹാനഗരത്തില്‍ എനിക്കായി കാത്തിരിക്കുന്ന നാലാമത്തെ വീട്‌ തേടി ഞാനും വാമഭാഗവും അലയാന്‍ തുടങ്ങിയിട്ട്‌ രണ്ട്‌ വീക്കെന്‍ഡു കഴിഞ്ഞു.

ബാഗ്ലൂരിലെ 3 വര്‍ഷത്തെ സുഖശീതള ജീവിതത്തിനു ശേഷം മദിരാശിയിലേക്ക്‌ വണ്ടി കയറുമ്പോള്‍ മനസ്സ്‌ എന്തെന്നില്ലാതെ ഉല്‍ക്കണ്ഠാകുലമായിരുന്നു. എന്തോ...പണ്ടു മുതലേ തമിഴ്‌നാടെന്നാല്‍ വൃത്തികെട്ടവന്മാരുടെ നാട്‌ എന്നൊരു വിചാരം മനസ്സില്‍ ഉറച്ചു പോയിരുന്നു. ഏതോ ഒരു വിനോദയാത്രയുടെ ഭാഗമായി സന്ദര്‍ശിച്ച പഴനിയും,മധുരയും ആ തോന്നല്‍ കൂടുതല്‍ ശക്തമാക്കി...എന്നിട്ടും ....

പ്രിയസുഹൃത്തിന്റെ സഹായത്താല്‍ അവന്റെ തൊട്ടടുത്ത ഒറ്റമുറിയില്‍ തുടങ്ങിയ മദിരാശി ജീവിതം. 3 മാസത്തോളം നരകത്തിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു...എങ്ങും വൃത്തികേടും, ദുര്‍ഗന്ധവും...കത്തിരിവെയിലിന്റെ കൊടുംചൂട്‌....നനഞ്ഞ തോര്‍ത്തുമുണ്ടും പുതച്ച്‌ ഉറങ്ങാതെ കിടന്ന രാത്രികള്‍....

എല്ലാം സഹിക്കാം...അണ്ണാച്ചി കൊണ്ടു വരുന്ന തൈരുസാദവും,അനുസാരികളും മൂക്ക്‌ പൊത്തിപ്പിടിച്ച്‌ അകത്താക്കി വൈകുന്നേരം വരെ അന്തവും കുന്തവുമില്ലാത്ത പണ്ടാരക്കോഡുകളുമായി മല്ലിട്ട്‌....ഷെയര്‍ ഒാട്ടോകളില്‍ പാണ്ടികളുടെ നാറ്റവും സഹിച്ച്‌ വന്നിറങ്ങി...റൂമിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നടക്കുമ്പോള്‍ വയറിനുള്ളില്‍ ശിങ്കാരിമേളം നടക്കുകയായിരിക്കും...അണ്ണാച്ചിഭക്ഷണം വയറ്റില്‍ പിടിച്ചില്ല എന്ന് റിപ്പോര്‍ട്ട്‌ കിട്ടിക്കഴിഞ്ഞിരിക്കുന്നു...ഒരു കൈകൊണ്ട്‌ വയറും തടവി, റൂമിലേക്ക്‌ നടക്കുമ്പോള്‍ രാവിലെ റേഷന്‍ കണക്കിനു കിട്ടിയതില്‍ നിന്നും കരുതി വച്ച ഒരു ബക്കറ്റ്‌ വെള്ളത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക്‌ പുറമേ ഒരു കുളികൂടി എങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യാം എന്ന ചിന്തയിലാവും ഞാന്‍..എന്നാല്‍ ഞാന്‍ കഷ്ടപ്പെട്ട്‌ കരുതി വച്ച വെള്ളത്തില്‍ വിശാലമായ കുളിയും കഴിഞ്ഞ്‌, ഞാന്‍ വാങ്ങി വച്ച കുട്ടിക്യൂറാ പൗഡര്‍ മേലാസകലം പൂശി.."എടാ എനിക്കു വിശക്കുന്നു.നമ്മക്ക്‌ വല്ലോ കഴിക്കാന്‍ പോകാം" എന്നും പറഞ്ഞ്‌ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ സുഹൃത്തിന്റെ സഹമുറിയനെ ഞാന്‍ എങ്ങനെ സഹിക്കും... അതും ഒരു ദിവസമല്ല...ദിനവും...പ്രിയകൂട്ടുകാരന്‍ വേറൊരു വീട്‌ വാടകക്കെടുത്തു മാറിയപ്പോള്‍ ഇതേ ചങ്ങാതിയെ എന്റെ സ്വന്തം സഹമുറിയനാക്കേണ്ടി വന്ന കാലത്തെ ഞാന്‍ എങ്ങനെ വര്‍ണ്ണിക്കാന്‍...

എന്റെ കണ്ടകശനിയുടെ അവസാനം ഞാനും ഒരു വീട്‌ വാടകയ്ക്ക്‌ എടുത്ത്‌ മാറാന്‍ തീരുമാനിച്ചു...വസന്തകാലത്തിന്റെ കാലൊച്ചകള്‍..കടല്‍ത്തീരത്തിനു രണ്ട്‌ വിളിപ്പാടകലെ...വിശാലമായ വീട്ടില്‍ ജീവിതം വീണ്ടും തളിര്‍ത്തു...തനിയെ എങ്കിലും തീര്‍ത്തും വിരസമാകാത്ത കാലം.

പാചകകലയുടെ പുതിയ പാഠങ്ങള്‍ പടിച്ചു.വൈകുന്നേരങ്ങളില്‍ കടലകൊറിച്ച്‌ നേര്‍ത്ത കാറ്റേറ്റ്‌ കടല്‍ത്തീരത്ത്‌ കൂടെ നടന്നു. നല്ലതായിരിക്കുമെന്ന് നാം പ്രതീക്ഷിക്കുന്ന ഭാവികാലത്തെക്കുറിച്ച്‌ നൂറുനൂറു ദിവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ട്‌ കടല്‍ത്തീരത്തെ നനുത്ത മണലില്‍ മലര്‍ന്ന് കിടന്നു...പരിസരം മറന്ന് പ്രേമചാപല്യങ്ങള്‍ കാട്ടുന്ന മിഥുനങ്ങളെ തെല്ലോരു അസൂയയോടെ ഒളിഞ്ഞു നോക്കി...അങ്ങനെ അങ്ങനെ...

ഇത്തിരി കലക്കല്‍ ഉള്ളെതെങ്കിലും സമൃദ്ധമായ വെള്ളം. പോരാത്തതിനു ശുദ്ധജലം കിട്ടുന്ന മെട്രോ വാട്ടറിന്റെ ചാമ്പുപൈപ്പ്‌ കണക്ഷനും...അമ്മ,പെങ്ങള്‍, അളിയന്‍ തുടങ്ങിയവര്‍ നാട്‌ കാണാന്‍ വന്നു...ജീവിതം അങ്ങനെ സുരഭിലമായിപ്പ്പോകവേ..സാദാ മലയാളിയുടെ അക്കരെപ്പച്ച സ്വഭാവം എന്നേയും പിടി കൂടി..ഇത്തിരി കൂടി അടിപൊളി വീട്‌ എടുക്കണം...കൂടെ പുതുതായി കിട്ടിയ സുഹൃത്തിന്റെ നിര്‍ബന്ധവും...വളരെ സമീപഭാവിയില്‍ വിവാഹിതനാവാന്‍ പോകുന്ന അവന്‍ വിവാഹം വരെയും വാടക ഷെയര്‍ ചെയ്ത്‌ എന്റെ കൂടെ താമസിക്കാമത്രെ.

ബ്രോക്കര്‍ന്മാര്‍ക്ക്‌ കാശ്‌ കൊടുക്കില്ല എന്ന് വാശിപ്പുറത്ത്‌ ഓടി നടന്ന് വീടുകള്‍ കണ്ടു..വീക്കെന്‍ഡുകളിലെ വെയില്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഞങ്ങള്‍ നടത്തിയ പ്രയത്നം ഓഫീസിനു വളരെയടുത്ത വളരെ വിശാലമായ വീട്‌ കിട്ടുന്നതില്‍ കലാശിച്ചു....ഇത്തിരി പഴയതെങ്കിലും കൂറ്റന്‍ ഒരു ബംഗ്ലാവ്‌.. താഴത്തെ നിലയില്‍ വീട്ടുടമസ്ഥന്‍..നിറയെ തടി അലമാരകളോടു കൂടിയ മുറികള്‍...വിസ്താരമേറിയ അടുക്കള...

പുതിയ വീടിന്റെ രാശിയോ എന്തൊ..താമസം തുടങ്ങിയതിന്റെ അഞ്ചാം നാള്‍ വിദേശത്തേക്ക്‌ പറന്നു...മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തുമ്പോള്‍ സ്നേഹിതന്‍ വിവാഹം കഴിഞ്ഞ്‌ മാറിയിരുന്നു. പകരം സ്നേഹിതന്റെ കുറേ സുഹ്രുത്തുക്കളായിരുന്നു താല്‍കാലികമായി താമസം. പിന്നെ അവന്മാരുടെ കൂടെ അടിച്ചുപൊളിച്ച്‌ കുറച്ചു നാള്‍.പുലരും വരെ നീളുന്ന ചീട്ടുകളി, സിനിമ കാണല്‍,..പിന്നെ..വീക്കെന്‍ഡുകളില്‍..കമ്പനികൂടലും..

സുഹ്രുത്തുക്കള്‍ കൂടൊഴിഞ്ഞതോടെ വീണ്ടും ഏകാന്ത വാസം.. പിന്നെ കുറച്ചു നാള്‍ അമ്മയോടൊത്ത്‌...
കല്യാണം..
പിന്നെ ഒത്തിരി ഇണക്കവും ഇത്തിരി പിണക്കവുമായി കുടുംബജീവിതം.

കുടുംബസ്ഥനായതില്‍ പിന്നെയാണു വീടിന്റെ അസൗകര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധവാനായത്‌....അടിക്കടിയുള്ള വൈദ്യുതി തടസ്സം...മെയ്‌ മാസത്തിലെ കൊടുംചൂടുള്ള പല രാത്രികളില്‍ വൈദ്യുതി ഇല്ലാത്തിനാല്‍ കൊതുകി കടി കൊണ്ട്‌ ടെറസ്സില്‍ കിടന്നു. യാത്രാ സൗകര്യം അതിലും കഷ്ടം. ഒറ്റക്ക്‌ എവിടെയെങ്കിലും പോകാന്‍ ബുദ്ധിമുട്ടാണെന്ന വാമഭാഗത്തിന്റെ ആവലാതി എത്രനാള്‍ കേട്ടില്ല എന്നു വക്കും?

ഒടുവില്‍...വീട്‌ എടുത്തതിനേക്കാള്‍ ഇരട്ടി വാടക വേണമെന്ന ആവശ്യം പറഞ്ഞ ഉടനെ..ഞങ്ങള്‍ സന്തോഷം വീടൊഴിയുകയാണു എന്നറിയിക്കേണ്ടി വന്നു....വാടക കൂട്ടാന്‍ കാരണം മറ്റൊന്നുമല്ല...വീട്‌ നിറയെ ഞാന്‍ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ക്ക്‌ പുറമേ...അമ്മായിയച്ഛന്റെ വക സെറ്റിയും കട്ടിലും സമ്മാനം...സമ്മാനങ്ങള്‍ കാണാണ്‍ ഓണര്‍(ച്ചി) വന്നപ്പോള്‍ "ഒന്നും വേണ്ട..വല്ല വീടുമാറ്റവും വേണ്ടി വന്നാല്‍ വലിയ പാടാണെന്ന് ഞാന്‍ അച്ഛനോട്‌ പറഞ്ഞതാ.." എന്ന നിര്‍ദ്ദോഷമായ വാമഭാഗത്തിന്റെ ഡീക്ക്‌ പറച്ചില്‍ കൊള്ളേണ്ടിടത്ത്‌ കൊണ്ടു...കെട്ടിപ്പെറുക്കിപ്പോകാന്‍ വലിയ പാടാണെങ്കില്‍ കൂടുതല്‍ കാശു താടേയ്‌..എന്ന മട്ടില്‍ പിറ്റേ ദിവസം തന്നെ അവര്‍ വാടകവര്‍ദ്ധന പ്രഖ്യാപിക്കുകയും വീണ്ടുമൊരു വീടുമാറ്റക്കാലം ജാതകവശാല്‍ എനിക്കു വന്നു ചേരുകയും ചെയ്തു.

Friday, December 15, 2006

ഗുരുവന്ദനം

ബ്ലോഗുകളുടെ മഹാലോകത്തേക്ക്‌ പിച്ച വച്ചു കയറുകയാണു.
" എന്റെ അന്തോണീസു പുണ്യാളാ... കാത്തോണേ..".
കൈ പിടിച്ചു കയറ്റാനും നേര്‍വഴി കാണിക്കാനും ആരുമില്ലെങ്കിലും, ഇങ്ങനെയൊരു അത്ഭുതലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയ "പൂനാജി"ക്കു(http://poonaji.blogspot.com/), ആംഗലേയഭാഷയില്‍ അധികം പ്രയോഗത്തില്ലാത്ത വാക്കുകളാല്‍ ബ്ലോഗ്‌ സ്പോട്ടില്‍ മാജിക്ക്‌ കാണിക്കുന്ന "സണ്‍ ബാലാസി"നും (http://sanbalas.blogspot.com/) നൂറായിരം നന്ദിയോടെ....

പുണ്യപുരാണകഥകളിലെ അശ്വത്ഥാമാവിനേപ്പോലെ, നേരില്‍ കാണാത്തൊരു ഗുരുവിനെ...മലയാളബ്ലോഗ്‌ ലോകത്തെ അതികായനെ, നമ്മുടെയെല്ലാം പ്രിയപ്പെട്ട അതേ വിശാലമനസ്കനെ (http://kodakarapuranams.blogspot.com) മനസ്സില്‍ ഗുരുവായി വരിക്കുന്നു.
പ്രിയഗുരുവേ...നിനക്ക്‌ വന്ദനം.