ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Tuesday, April 24, 2007

ഓര്‍മ്മകളിലൂടെ -2

ചായക്കട വിജയത്തോടെ ഞങ്ങളുടെ കൂട്ടുകെട്ട്‌ കൂടുതല്‍ ദൃഡമായി. യെവന്മാരെയൊക്കെ നേരത്തെ മുതല്‍ അറിയാം എന്നല്ലാതെ വലിയ കൂട്ടുകെട്ടൊന്നും ഉണ്ടായിരുന്നില്ല. ജോസഫുകുട്ടി മാത്രമാണു ബാല്യത്തില്‍ മുതലുള്ള കൂട്ടുകാരന്‍.

ജോസഫുകുട്ടിയുടെ കാര്യം വലിയ രസമാണു. സാദാ റബ്ബര്‍വെട്ടു തൊഴിലാളികളാണു അവന്റെ അച്ഛനും അമ്മയും.
കുട്ടിയപ്പന്‍ ചേട്ടനും, കത്രീനച്ചേടത്തിയും..
2-3 കുട്ടികളെ ബാല്യത്തിലേ നഷ്ടപ്പെട്ടതിനു ശേഷം ഉണ്ടായ സന്താനമാണു ജോസഫുകുട്ടി. ഏകമകനായ ജോസഫുകുട്ടിയുടെ ഏതാഗ്രഹവും വീട്ടുകാര്‍ സാധിച്ചു കൊടുക്കുമായിരുന്നു. നാട്ടിലെ ചൊല്ലനുസരിച്ച്‌ "അമ്പിളിയമ്മാച്ചനെ പിടിച്ചു കൊടുക്കണമെങ്കില്‍ അതും..."

ജോസഫുകുട്ടിയുടെ പ്രസിദ്ധമായ പ്രകടനങ്ങള്‍(8 - വയസ്സു തികയുന്നതിനു മുമ്പ്‌)...
=======================================================
താഴത്തെ കവലയിലെ ചായക്കടയില്‍ നിന്നും ദിനവും അപ്പവും കിഴങ്ങുകറിയും കഴിച്ചുകൊണ്ടിരുന്ന ചെക്കനു ഒരു ദിവസം പുട്ടും കടലയും വേണമെന്നു മോഹമുദിച്ചു. കടക്കാരന്‍ മത്തച്ചഞ്ചേട്ടന്‍ കൊണ്ടുവന്ന വച്ച പ്ലേറ്റില്‍ നോക്കിയതും കുട്ടി കവല നടുങ്ങുമാറു ഉച്ചത്തില്‍ അലറിക്കരഞ്ഞു...
"എനിക്ക്‌ ഒടിയാത്ത പുട്ടു വേണേ.."

വാശിയുടെ പര്യായമായ ചെക്കനെ സമാധാനിപ്പിക്കാന്‍ പുട്ടിനു നടുക്കിടുന്ന പതിവു തേങ്ങാതൊങ്ങല്‍ ഒഴിവാക്കി സൂഷ്മതതോടെ ഒടിയാത്ത പുട്ട്‌ ഉണ്ടാക്കി കൊടുത്തുവെങ്കിലും കുറേ നാളത്തേക്ക്‌ പയ്യനെകാണുമ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം വിളിച്ചു കൂവുമായിരുന്നു.
"എനിക്ക്‌ ഒടിയാത്ത പുട്ടു വേണേ..."

പിന്നൊരിയ്ക്കല്‍ ഞായറാഴ്ച പള്ളി കഴിഞ്ഞ്‌ കവലയില്‍ ആള്‍ത്തിരക്കുള്ള നേരം. ഞായറാഴ്ച പള്ളി വിട്ടാല്‍ പോത്തിറച്ചി വാങ്ങാന്‍ നേരേ ഇറച്ചിക്കടയില്‍ എന്ന പതിവു തെറ്റിക്കാതെ ആള്‍ക്കാര്‍ കവലയിലുള്ള ഇറച്ചിക്കടയില്‍ കൂടി നില്‍ക്കുന്നു.

തേക്കിലയില്‍ പൊതിഞ്ഞ ഒന്നരക്കിലോ പോത്തും പിടിച്ച്‌ വകയില്‍ ഒരു ബന്ധുവായ കുഞ്ഞവിരായോടു കുശലം പറഞ്ഞ്‌ കവലയില്‍ നില്‍ക്കുകയാണു കുട്ടിയപ്പഞ്ചേട്ടന്‍. കത്രീനച്ചേടത്തി മുറുക്കാന്‍ വാങ്ങുന്നു. മുണ്ട്‌ മടക്കിക്കുത്തി നില്‍ക്കുന്ന അപ്പന്റെ കാലിന്റെ ഇടയിലൂടെ
"നാരങ്ങാ വാലി, ചൂണ്ടക്ക്‌ രണ്ട്‌.."
പാടി ഓടിക്കളിക്കുകയാണു നമ്മുടെ കൊച്ചു ജോസഫുകുട്ടി.വട്ടം ചുറ്റുന്നതിനിടയില്‍ എപ്പഴോ പയ്യന്‍സ്‌ ഒന്നു മുകളിലേക്ക്‌ നോക്കി.
അതാ കാണുന്നു അപ്പന്റെ ചുവന്ന നിക്കര്‍!

"എനിക്ക്‌ അപ്പന്റെ ചുവന്ന നിക്കറു വേണേ.."
പയ്യന്‍സ്‌ ഉടന്‍ കാറിച്ച തുടങ്ങി..
"വീട്ടീല്‍ ചെല്ലെട്ടെടാ മോനേ ഊരിത്തരാം" എന്ന് അപ്പന്‍
"പോരാ..എനിച്ചിപ്പ വേണം" എന്ന് മകന്
‍പോരാത്തതിനു
"അവന്‍ കരയുന്നതു കണ്ടില്ലേ ? അതങ്ങു ഊരിക്കൊടു മനുഷ്യാ"
എന്ന് കത്രീനച്ചേടത്തിയും..

എന്താണേലും നാലും കൂടിയ ആ കവലയില്‍ വച്ച്‌ അത്രയും ആള്‍ക്കാര്‍ നോക്കി നില്‍ക്കെ അപ്പന്റെ നിക്കര്‍ ഊരിവാങ്ങിയിട്ടിട്ടേ പയ്യന്‍സ്‌ കരച്ചില്‍ നിറുത്തിയുള്ളൂ..

മൂന്നാം ക്ലാസ്സില്‍ പടിക്കുന്ന സമയം. സ്ക്കൂളില്‍ നിന്നും നേരേ ഗ്രൗണ്ടിലേക്കാണു അന്ന് പോയത്‌. ബാലരമയില്‍ നിന്നും കിട്ടിയ "ഒട്ടിപ്പോ" ലേബലുകള്‍ എന്നെ സ്വകാര്യമായി കാണിക്കാം എന്ന് ജോസഫുകുട്ടി വിളിച്ചത്‌ കൊണ്ടാണു ഞാന്‍ കൂടെപ്പോയത്‌. ബാലരമയിലേക്ക്‌ എന്റെ സഹായത്തോടെയാണു ജോസഫുകുട്ടി ലേബലിനായി കവര്‍ അയച്ചത്‌. മായാവി, കുട്ടൂസന്‍, ലുട്ടാപ്പി തുടങ്ങിയവരുടെ പടങ്ങളുള്ള 16 കിടിലന്‍ ലേബലുകള്‍. എന്നാലും ബെസ്റ്റ്‌ ഫ്രെണ്ടായ എനിക്ക്‌ അവന്‍ ഒരെണ്ണം പോലും തന്നില്ല.അസൂയയും, ദേഷ്യവും കൊണ്ട്‌ സകലതും മറന്ന ഞാന്‍ അവനെ പിടിച്ച്‌ ഒരു തള്ളു വച്ചു കൊടുത്തു. അതാ കിടക്കുന്നു അവന്‍ താഴെ..! ഇനി നിന്നാല്‍ കുഴപ്പമാണു.കാരണം അന്ന് ശരീരപ്രകൃതിയില്‍ ഞാന്‍ തീരെ അശുവാണു. ഞാന്‍ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു.(ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "വിട്ടുപോയി"). ചാടിയെണീറ്റ്‌ അവന്‍ പുറകെയും..

ഗ്രൗണ്ടില്‍ നിന്നും കൈതമുറിക്കാരുടെ പറമ്പ്‌ കഴിഞ്ഞാണു ഞങ്ങളുടെ പറമ്പ്‌. രണ്ടിനും ഇടയില്‍ വീതിയും ആഴവുമുള്ള ഒരു ഇടവഴി.(കൈതമുറിക്കാര്‍ മിടുക്കര്‍ ആയതു കൊണ്ട്‌ ഇപ്പോഴാ ഇടവഴിക്ക്‌ അര അടി പോലും വീതി ഇല്ല.) ഓടി വന്ന ഞാന്‍ സ്ഥിരം പ്രാക്ടീസിന്റെ ബലത്തില്‍ ഇടവഴി ചാടിക്കടന്ന് വീട്ടിലേക്ക്‌ ഓടി. പിന്നാലെ വന്ന ജോസഫ്‌ കുട്ടിയും ഇടവഴി ചാടിക്കടന്നെങ്കിലും ലാന്‍ഡ്‌ ചെയ്തത്‌ ഒരു കുപ്പിച്ചില്ല് കഷ്ണത്തില്‍ ആയിരുന്നു.

"അയ്യോ പാവേ.." എന്നുള്ള നിലവിളി കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാല്‍ നിറയെ ചോര ഒലിപ്പിച്ച്‌ കൊണ്ട്‌ കിടന്ന് പിടയുകയാണവന്‍.

അടുത്ത രണ്ടാഴ്ചക്കാലത്തേക്ക്‌ ജോസഫുകുട്ടി അമ്മയുടെ എളിയിലേറിയാണു ക്ലാസ്സില്‍ വന്നത്‌. എന്താണേലും ആ സംഭവത്തോടെ ഞങ്ങളുടെ കൂട്ട്‌ കെട്ട്‌ കൂടുതല്‍ അടുക്കുകയാണു ഉണ്ടായത്‌. ഞാന്‍ കാരണമാണല്ലോ അവനീ ഗതി വന്നത്‌ എന്ന കുറ്റബോധത്താല്‍ അവന്റെ ഹോംവര്‍ക്ക്‌, പകര്‍ത്തെഴുത്ത്‌ തുടങ്ങിയവ ഞാന്‍ തന്നെ ചെയ്തു കൊടുത്തു. എനിക്കവന്‍ 4 "ഒട്ടിപ്പോ" തരുകയും ചെയ്തു.

അയ്യോ..ജോസഫുകുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞിരുന്ന് നേരം പോയല്ലോ..പറയാന്‍ വന്ന നുറുങ്ങുകള്‍ ഇനിയൊരിക്കലാവാം.

1 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home