ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Thursday, April 05, 2007

ഇനി ഓര്‍മ്മകളിലൂടെ - 1

പത്താം ക്ലാസ്സ്‌ കഴിഞ്ഞു. വേനലവധിക്ക്‌ പതിവില്ലാത്ത നീളം. ഇനി ഊരുതെണ്ടലിന്റെ കാലം. ലോക്കല്‍ കൂട്ടൂകാര്‍ അനവധി...(മിക്കവാറും വീടുകളിലൊക്കെ കമ്പൂട്ടറും, ഇന്റര്‍നെറ്റും ആയതിനാല്‍ കുട്ടിച്ചാത്തന്മാരുടെ ശരിയായ പേരുകള്‍ ഉപയോഗിക്കാന്‍ നിര്‍വ്വാഹമില്ല..എനിക്കിനിയും നാട്ടില്‍ പോകേണ്ടതാ )....

എന്റെ വീടിനു തൊട്ടു പിറകില്‍ കിടക്കുന്ന സ്കൂള്‍ ഗ്രൗണ്ടാണു നാട്ടിലെ പ്രധാന സാസ്കാരികകേന്ദ്രം. എഴുത്തും, വായനയും ഒന്നും അച്ചായന്മാര്‍ക്ക്‌ വലിയ പഥ്യം ഇല്ലാതിരുന്നതു കൊണ്ടോ എന്തൊ, നാട്ടില്‍ ലൈബ്രറി എന്നൊരു സംവിധാനം ഉണ്ടായിരുന്നില്ല. പള്ളി, കന്യാസ്ത്രീമഠം, മഠം വക യു.പി സ്കൂള്‍, പോസ്റ്റ്‌ ഒാഫീസ്‌...കഴിഞ്ഞു നാട്ടിലെ പ്രധാന സ്ഥാപനങ്ങള്‍!!! ദോഷം പറയരുതല്ലോ...പരദൂഷണപ്രചാരകേന്ദ്രങ്ങളായി ഒരു കള്ളുഷാപ്പും, ചായക്കടയും താഴത്തെ കവലയില്‍ ഉണ്ടായിരുന്നു

കുന്നും, മലകളും ഒന്നും ഇല്ലാത്ത നാട്ടില്‍ നിന്നു വരുന്നവര്‍ക്ക്‌ ഒട്ടും ദഹിക്കുന്ന പ്രയോഗങ്ങളല്ല ഈ "താഴത്തെ കവല", "മോളിലത്തെ പള്ളി" തുടങ്ങിയവ.

"താഴത്തെ കവല എന്നു പറഞ്ഞപ്പോള്‍ നീയെന്താ പനയുടെ മുകളിലാണോ താമസം" എന്ന് ചോദിച്ചത്‌ ആരായിരുന്നോ എന്തോ ?

പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ ചെക്കന്‍ മുതിര്‍ന്നവനായി എന്ന് വീട്ടുകാര്‍ കരുതിയതിനാലോ എന്തോ "വീട്ടീല്‍ വിളക്ക്‌ വെക്കുന്നതിനു മുമ്പ്‌ പുരയില്‍ കയറണം" എന്ന നിബന്ധന ഒഴിവായിക്കിട്ടി.

വൈകുന്നേരങ്ങളില്‍ സ്കൂള്‍ഗ്രൗണ്ടില്‍ നല്ല തിരക്കായിരിക്കും..സീസണനുസരിച്ച്‌ വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്‌ തുടങ്ങി ഒരുമാതിരിപ്പെട്ട എല്ലാ കായികവിനോദങ്ങളും അവിടെ നടക്കാറുണ്ടായിരുന്നു. പിന്നെ കബടി, സ്റ്റോപ്പ്‌, സാറ്റ്‌ തുടങ്ങിയ നാടന്‍ വിനോദങ്ങള്‍ വേറെയും
കളികളുടെ കൂടുതല്‍ ജനകീയമായ പേരുകള്‍ ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരൂ....
സ്റ്റോപ്പ്‌ : രണ്ടു ടീമായിട്ടാണു കളി. തറയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചിരിക്കുന്ന ഏഴ്‌ കല്‍ച്ചീളുകള്‍ പന്ത്‌ വച്ച്‌ എറിഞ്ഞിടും. മറ്റേ ടീമിന്റെ ഏറുകൊള്ളാതെ കല്ലുകള്‍ തിരികെ അടുക്കി വക്കണം.
സാറ്റ്‌ : നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കളി തന്നെ ! ഒരാള്‍ കണ്ണടച്ച്‌ പത്തു വരെ എണ്ണും, ബാക്കി ഉള്ളവര്‍ ഒളിക്കും.

സമപ്രായക്കാര്‍ ഞങ്ങള്‍ നാലു പേര്‍ തമ്മിലാണു വലിയ കൂട്ട്‌. ഞാന്‍(ഇരട്ടപ്പേര്‍ പറയൂല്ല കേട്ടോ..കൂയ്‌), ജോസഫുകുട്ടി(കൂര്‍ങ്ങ), പിന്നെ രണ്ടു ബിജുമാര്‍(അട്ട,തോട്ടിക്കാലന്‍).ആളെണ്ണം അധികം വേണ്ട സമയങ്ങളില്‍ അട്ട ബിജുവിന്റെ അനിയന്‍ ബിജേഷിനെയും(കപീഷ്‌), തോട്ടിക്കാലന്‍ ബിജുവിന്റെ അനിയന്‍ ബിനീഷിനെയും(കൊട്ടുവടി) ഞങ്ങളുടെ ഗ്യാങ്ങില്‍ സഹകരിപ്പിച്ചിരുന്നു.

പേരു കേട്ട പു.ക.കു( പുരാതീന കത്തോലീക്ക കുടുംബങ്ങള്‍)ലെ മൊതലാളിപ്പിള്ളേരും, ജോലിക്കു പോകുന്ന സീനിയേര്ഴ്സും, കടുംവെട്ട്‌ കാര്‍ന്നൊന്മാരും ഒക്കെയായി ഇരുപതോളം സ്ഥിരം കുറ്റികള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരാറുണ്ടായിരുന്നു.പിന്നെ വല്ലപ്പോഴും വരുന്ന അതിഥികളായി മൂന്ന് നാലുപേര്‍ വേറെയും. അതു കൊണ്ട്‌ മിക്കവാറും കളിക്കാറുള്ള വോളിബോള്‍ കളിയുള്‍പ്പെടെ ഏതു കളി കളിച്ചാലും ആളെണ്ണം കൂടുതല്‍ ആയിരിക്കും. പിന്നെ തെറിവിളിയായി, വഴക്കായി. ബഹുപൂരമായിരിക്കും..

മിക്കവാറും ദിവസവും ബെറ്റ്‌ വെച്ചാണു കളികള്‍ കളിക്കുന്നത്‌. വൈകുന്നേരമായാല്‍ ബെറ്റ്‌ ജയിച്ച ടീം വാങ്ങിക്കൊണ്ടു വരുന്ന ബ്രെഡും, പഴവും കഴിച്ചിട്ട്‌ ചര്‍ച്ചകള്‍ തുടങ്ങും. നാട്ടുകാര്യം, രാഷ്ട്രീയം, പരദൂഷണം, സാഹിത്യം, അശ്ലീലം തുടങ്ങി ദിനവും എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടാവും. ചൂടു പിടിച്ച ചര്‍ച്ചകള്‍ ചിലപ്പോഴൊക്കെ അടിയിലും കലാശിക്കാറുണ്ടായിരുന്നു. അവനവന്റെ വീട്ടിലെ സാഹചര്യവും, "ചട്ടിക്കെണ്ണം കൊടുക്കുന്ന സമയവും" നോക്കി ഓരോരുത്തരായി പാതിരാത്രിയോളം നീളുന്ന ഈ സദസ്സില്‍ നിന്നും വിട വാങ്ങും.

ഗ്രൗണ്ടിലെ ജൂനിയേര്ഴ്സ്‌ ആയ ഞങ്ങളുടെ ഗ്രൂപ്പ്‌ എത്രയും പെട്ടന്ന് മുതിര്‍ന്നവരുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള തത്രപ്പാടിലായിരുന്നു. നയപരമായ പല തീരുമാനങ്ങളിലും ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല.

പത്തു പേര്‍വീതം ഇരു കോര്‍ട്ടിലും നിറഞ്ഞു നിന്നാണു വോളിബോള്‍ കളി. ബഡാപാര്‍ട്ടികള്‍ക്ക്‌ പിന്നില്‍ എക്സ്ട്രാ ബാക്ക്‌ പൊസിഷനില്‍ ആണു ഞങ്ങള്‍ പയ്യന്‍സിന്റെ സ്ഥാനം. അതും നാലു പേര്‍ വീതം. സര്‍വ്വ്‌ ചെയ്യാന്‍ വല്ലപ്പോഴും അവസരം കിട്ടുമെന്നതല്ലാതെ പന്തില്‍ തൊടാന്‍ പറ്റുന്നത്‌ അപൂര്‍വ്വമായിരുന്നു. അങ്ങനെയിരിക്കെ അപ്പുറത്തെ ടീമിലെ "കൊണാപ്പന്റെ" ഒരു അത്യുജ്ജല സ്മാഷ്‌ എന്റെ നേര്‍ക്ക്‌ പാഞ്ഞു വന്നു. കൈ രണ്ടും കോര്‍ത്ത്‌ പിടിച്ചിരുന്നതിനാല്‍ എന്ത്‌ ചെയ്യണം എന്നാലോചിച്ച്‌ വന്നപ്പോഴേക്കും പന്ത്‌ നെഞ്ചില്‍ വന്നിടിച്ച്‌ ഞാന്‍ പുറകോട്ട്‌ മറിഞ്ഞു വീണിരുന്നു. ഗെയിമിലെ ആ ലാസ്റ്റ്‌ ബോളില്‍ ബെറ്റ്‌ തോറ്റ്‌ ദേഷ്യം പിടിച്ച സെബിച്ചേട്ടന്‍ ഞങ്ങള്‍ കുഞ്ഞന്മാരെ ടീമില്‍ നിന്ന് പുറത്താക്കി. വാശിമൂത്ത ഞങ്ങള്‍ വേറെ കളികളുടെ ആലോചനയില്‍ ആയി. അവസാനം ഷട്ടില്‍ ആണു നമുക്ക്‌ പറ്റിയ കളി എന്ന തീരുമാനത്തില്‍ എത്തി.

പിറ്റേ ദിവസത്തെ കഠിനാദ്ധ്വാനഫലമായി വോളിബോള്‍ കോര്‍ട്ടിനു സമാന്തരമായി ഒരു ഷട്ടില്‍ കോര്‍ട്ട്‌ ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും പിന്നെയും പ്രശ്നങ്ങള്‍ ബാക്കിയായിരുന്നു. പണമായിരുന്നു പ്രധാന പ്രശ്നം. തോട്ടീണ്ടിയില്‍(തോടിന്റെ വക്ക്‌) നിന്ന മരുത്‌ മരം വെട്ട്‌ പോസ്റ്റുകള്‍ ഉണ്ടാക്കിയെങ്കിലും, ഷട്ടില്‍ ബാറ്റിനും, നെറ്റിനും പണം വേണം. വീട്ടിലെങ്ങാനും ഈ ആവശ്യം പറഞ്ഞാല്‍ അതോടെ ഗ്രൗണ്ടില്‍ പോക്ക്‌ തീരും. പോരാത്തതിനു "അവിടെപ്പോയി തുള്ളുന്ന നേരത്ത്‌ നിനക്കീ വീട്ടുമുറ്റത്തെ പുല്ല്ല് പറിച്ചു കൂടെ " എന്ന് അമ്മ ചോദിച്ചിട്ട്‌ അധിക ദിവസമായിട്ടില്ല. മറ്റവന്മാരുടെ സാമ്പത്തിക സ്ഥിതി എന്നേക്കാള്‍ വളരെ മോശവുമായിരുന്നു.

എന്താണേലും ഞങ്ങള്‍ മറ്റുള്ളവരെ വെല്ലുവിളിച്ച്‌ വേറെ ഷട്ടില്‍ കോര്‍ട്ട്‌ വെട്ടിക്കഴിഞ്ഞു. ഇനി നാണം കെടാന്‍ വയ്യ. കൂട്ടത്തില്‍ ഇത്തിരി മൂത്തവനായ അട്ടബിജുവാണു എപ്പോഴും ഐഡിയാകള്‍ ഉണ്ടാക്കാറുള്ളത്‌. അവന്‍ ഒരു കിടുക്കന്‍ ഐഡിയാ പറഞ്ഞു.

"പള്ളിപ്പെരുന്നാള്‍ അടുത്ത ആഴ്ചയാണല്ലൊ. ഇത്തവണ വര്‍ക്കിച്ചന്‍ ചേട്ടനാണു (നാട്ടിലെ പുതുപ്പണകാരന്‍) പ്രസുദേന്തി. "പുള്ളിക്കാരന്‍" ഗാനമേളയാണു ബുക്ക്‌ ചെയ്തിരിക്കുന്നത്‌. അതും വളരെ പ്രശസ്തമായ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസിന്റെ. ഇക്കൊല്ലം അതു കൊണ്ടു "പൂരാ" ആളായിരിക്കും. "

ഇത്രയും പറഞ്ഞ്‌ ബിജു നാടകീയമായി ഒന്നു നിര്‍ത്തി ഞങ്ങളെ എല്ലാം ഒന്നു നോക്കി. എല്ലാവരും മിഴിച്ചിരിക്കുകയാണു.

"നമുക്ക്‌ പെരുന്നാളിനു ഒരു ചായക്കടയിട്ടാലോ..?"
"പിന്നേ...നാട്ടുകാരുടെ തല്ലു മേടിക്കാന്‍ വേറെ പണിയില്ല." എന്തിനും ഉടക്കിടുന്ന കപീഷ്‌ ചാടിപ്പറഞ്ഞു.
എനിക്കും, ജോസുകുട്ടിക്കു പ്രത്യേകിച്ച്‌ എതിര്‍പ്പൊന്നും ഇല്ല.
"എന്നാലും അതിനും കുറച്ചു കാശ്‌ വേണ്ടേ..?" തോട്ടിക്കാലന്റെ ബുദ്ധി പ്രവര്‍ത്തിച്ചു.
"കാശായിട്ടു വേണ്ടന്നേ...ഓരോ വീട്ടില്‍ നിന്നും പറ്റുന്ന സാധനങ്ങള്‍ മതി.എല്ലാവരും അവരോര്‍ക്ക്‌ എന്തു പറ്റുമെന്ന് ആലോചിച്ച്‌ പറയൂ..."

എനിക്ക്‌ ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടിയില്ല. സാധനം മാത്രമല്ല പ്രശ്നം. നാട്ടിലെ ഒരുമാതിരി കൊള്ളാവുന്ന വീട്ടിലെ പയ്യന്‍ പള്ളിപ്പെരുന്നാളിനു ചായക്കട ഇടുന്നത്‌ വലിയ നാണക്കേടായിട്ടേ വീട്ടീല്‍ കരുതൂ. സംഭവം എനിക്കും ഇത്തിരി നാണക്കേടു തന്നെയാണു. എങ്കിലും അതിലും വലിയൊരു കാര്യത്തില്‍ എന്റെയും കൂടെ നാണക്കേട്‌ മാറ്റാന്‍ വേണ്ടി ഒരുമിച്ച്‌ കഷ്ടപ്പെടുന്ന അവന്മാരോട്‌ കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ച്‌ പറയാന്‍ പറ്റത്തില്ല. ആലോചനയുടെ അവസാനം ഒരു മുഖം തെളിഞ്ഞു വന്നു. വകയില്‍ ഒരു അമ്മാവനായ അജയന്‍ മാമന്‍ !! മൂപ്പര്‍ക്ക്‌ ഇത്തിരി വാഴകൃഷിയൊക്കെയുണ്ട്‌. കക്ഷിയോടു ഒരു വാഴക്കുല ചോദിക്കാം. വീട്ടില്‍ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യവും പുള്ളിയെ ഏല്‍പ്പിക്കാം. കാര്യങ്ങള്‍ വീട്ടില്‍ കൂടി ആലോചിച്ചിട്ട്‌ വൈകിട്ട്‌ തീരുമാനമെടുക്കാം എന്ന് പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.

എന്താണേലും അജയന്‍ മാമന്‍ സഹായിച്ചു. ഒരു ഏത്തവാഴക്കുല തന്നതിനു പുറമേ
"എല്ലാ തൊഴിലിനും അതിന്റെ മാന്യതയുണ്ട്‌..കാശുണ്ടാക്കുന്നതെങ്ങനെയെന്ന് അവന്‍ പടിക്കട്ടേ.."
എന്ന് അമ്മയോട്‌ പറയുക കൂടി ചെയ്തു. അതിന്‍ പ്രകാരം മനസില്ലാമനസ്സോടു കൂടിയാണേലും പരിപാടിക്ക്‌ വീട്ടില്‍ നിന്നും അനുവാദം കിട്ടി.

വൈകുന്നേരത്തേ മീറ്റില്‍ കാര്യങ്ങള്‍ തീരുമാനമായി.
ഒപ്പം ചായക്കടയിലെ ഐറ്റങ്ങളും, വിലയും.
കട്ടന്‍ കാപ്പി - 1 രൂ.
ഏത്തപ്പഴം - 3 രൂ
പൊറൊട്ട - 1.50 രൂ
ഉള്ളിക്കറി -
പപ്പടബോളി - 1 രൂ.

കൊണ്ടു വരേണ്ട സാധനങ്ങള്‍
==================
ഞാന്‍ - ഏത്തക്കുല.
അട്ട ബിജു- പാത്രങ്ങള്‍, കാപ്പിപ്പൊടി, പഞ്ചസാര, എണ്ണ.
തോട്ടിക്കാലന്‍- മൈദ
ജോസഫുകുട്ടി- പപ്പടം, സവാള.

ജോസഫുകുട്ടിയുടെ ബന്ധു കുട്ടപ്പായിച്ചേട്ടന്‍ പൊറോട്ടയും, ഉള്ളിക്കറിയും ഉണ്ടാക്കിത്തരും, ഒരു കുപ്പി കള്ളിനുള്ള കാശ്‌ പെരുന്നാളു കഴിഞ്ഞ്‌ കൊടുക്കണം.പപ്പടബോളി(പപ്പടവട) ഞങ്ങള്‍ പിള്ളേര്‍ തന്നെ ഉണ്ടാക്കും.

അപ്പോഴാണു വേറൊരു പ്രശ്നം തോട്ടിക്കാലന്‍ കണ്ടു പിടിച്ചത്‌.
"പെരുന്നാളിനു ഇനി രണ്ടു ദിവസമേ ഉള്ളൂ..ഏത്തക്കുല കരിമ്പച്ചയായിത്തന്നെ ഇരിക്കുന്നു."
"അതിനെന്നാ, പത്തായത്തില്‍ വച്ചാല്‍ ഒറ്റ ദിവസം പോരേ...മുറ്റു പഴമാകും" അട്ട ബിജു ഐഡിയ കണ്ടെത്തിക്കഴിഞ്ഞു.
പത്തായം ഉള്ള പു.ക.കു. വീടുകളിലൊക്കെ ചോദിച്ചു നോക്കി. എല്ലാവര്‍ക്കും ഒരേ ഉത്തരം. അതും എന്താ, ഏതാ, ചായക്കടയില്‍ എന്നാക്കെ ഐറ്റം ഉണ്ട്‌...എല്ലാം ചോദിച്ചറിഞ്ഞ ശേഷം.
"അയ്യോ പത്തായം നിറയേ സാധനം ഇരിക്കുകയാണല്ലോ.."

അട്ട ബിജുവിനാണോ ഐഡിയാക്കു പഞ്ഞം..!!!കുല പഴുപ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ മാര്‍ഗ്ഗം കിട്ടി.

അട്ടയുടെ പറമ്പില്‍ വലിയൊരു കുഴിയെടുത്തു. അതില്‍ നനഞ്ഞ വാഴക്കച്ചി ഇട്ട്‌ അതിന്‍ മീതേ ഏത്തക്കുല ഇറക്കി വച്ചു. എന്നിട്ട്‌ കുഴിക്കു മീതേ കപ്പത്തണ്ടുകള്‍ നെടുകയും കുറുകെയും വച്ചു. അതിന്റെ മീതേ വാഴക്കച്ചി.എന്നിട്ട്‌ ചെളിമണ്ണ്‍ വാരിക്കുഴച്ച്‌ കുഴി അടച്ചു. കുഴി അടക്കുന്നതിനു മുമ്പായി ഒരു കപ്പത്തണ്ട്‌ കുഴിക്കുള്ളിലേക്ക്‌ തള്ളി വച്ചിരുന്നു. കുഴി അടച്ചു കഴിഞ്ഞപ്പോള്‍ ആ കമ്പ്‌ ഊരി എടുത്തു. ഒരു കമ്പിന്റെ മുഴുപ്പില്‍ കുഴിക്കുള്ളിലേക്ക്‌ ഒരു ദ്വാരം. അതിലൂടെ കടലാസ്സും, ഇലകളും കത്തിച്ച പുക ഒരു മുറം കൊണ്ട്‌ വീശീ കുഴിക്കുള്ളില്‍ നിറച്ചു. കുഴി നിറയെ കട്ടിപ്പുക നിറഞ്ഞുവെന്ന് ഉറപ്പായപ്പ്പ്പോള്‍ ആ ദ്വാരം കൂടി ചെളി വച്ച്‌ അടച്ചു. പെരുന്നാളിന്റെ അന്ന് രാവിലെ കുഴി തുറന്നപ്പ്പ്പോള്‍ ഏത്തക്കുല നന്നായി പഴുത്തിരുന്നു. (ദൈവാധീനം....എലികള്‍ ആരും വിവരം അറിഞ്ഞില്ല....ഇല്ലേല്‍ അട്ടബിജു തല്ലു കൊണ്ടേനേ..).

പിന്നത്തെ വലിയ പ്രശ്നം പള്ളീലച്ചനോട്‌ അനുമതി മേടിക്കുക എന്നതാണു. കൂട്ടത്തില്‍ ജോസഫുകുട്ടി മാത്രമേ ക്രിസ്ത്യാനി ഉള്ളൂ..അവനാണേല്‍ പള്ളിയില്‍ കേറാതെ നടക്കുന്ന കുഞ്ഞാടുമാണു. അവന്റെ മോന്ത കണ്ടാല്‍ത്തന്നെ അച്ചന്‍ ഉടക്കിടാന്‍ ചാന്‍സുണ്ട്‌..എങ്കിലും അവനേയും കൂട്ടി പോയി. കാര്യം പറഞ്ഞപ്പോള്‍ തറവാടക 10രൂപാ വേണമെന്നായി അച്ചന്‍. കാലുപിടിത്തതിനൊടുവില്‍ അച്ചന്‍ വഴങ്ങി.
പണികള്‍ പിന്നെയും ബാക്കിയായിരുന്നു. കപ്പക്കമ്പുകളും, ഈന്ത ഇലകളും, വാഴക്കച്ചിയും ചേര്‍ത്ത്‌ ഒരു തട്ടുമുട്ടു കടയുണ്ടാക്കി. തലേരാതി ഉറക്കിളച്ചിരുന്ന് പപ്പടബോളിയുണ്ടാക്കി.

അവസാനം ആ ദിനം വന്നെത്തി.
പക്ഷെ എല്ലാക്കൊല്ലവും ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന പല ആഘോഷങ്ങളും എനിക്കു നഷ്ടമായി.
രാത്രിയായി..ഗാനമേള തുടങ്ങി.
കടയില്‍ പ്രതീഷിച്ച അത്രയുമില്ലേലും ഇടക്കൊക്കെ ആളുകള്‍ എത്തിത്തുടങ്ങി.
മുന്‍ ധാരണപ്രകാരം ഞങ്ങള്‍ എല്ലാവരും എല്ലാ ജോലിയും മാറി മാറി ചെയ്തു. മാനേജര്‍ ആയി ഇരിക്കാന്‍ എല്ലാവരും തമ്മില്‍ വഴക്കായപ്പോള്‍ അജയന്‍ മാമന്‍ ആണു ഈ ഒത്തുതീര്‍പ്പ്‌ ഫോര്‍മുല നിര്‍ദ്ദേശിച്ചത്‌.

ഇതിനിടക്ക്‌ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒറ്റ ഏത്തപ്പഴം പോലും ചിലവായിട്ടില്ല. രാത്രിയില്‍ തണുത്ത ഏത്തപ്പഴം ആരു വാങ്ങാന്‍? ഞാന്‍ ബോര്‍ഡില്‍ ഏത്തപ്പഴം - 3 രൂ എന്നത്‌ മാറ്റി ഇങ്ങനെ എഴുതിച്ചേര്‍ത്തു.
ഏത്തപ്പഴം പുഴുങ്ങിയത്‌ - 3.50 രൂ.
ആ ഐഡിയ ഏറ്റു.
ഒന്ന് രണ്ട്‌ പേര്‍ പഴം പുഴുങ്ങിയത്‌ ഓര്‍ഡര്‍ ചെയ്തു.
പക്ഷേ എങ്ങനെ പഴം പുഴുങ്ങും..
ആകെയുള്ള ഒരു കലത്തില്‍ കട്ടങ്കാപ്പിക്കുള്ള വെള്ളം തിളച്ചു കൊണ്ടിരിക്കുന്നു.ഞാന്‍ ഒന്നും ആലോചിച്ചില്ല ഏത്തപ്പഴം എടുത്ത്‌ അതേ വെള്ളത്തില്‍ തട്ടി. അഞ്ചു മിനിറ്റില്‍ പഴം പുഴുങ്ങിയത്‌ റെഡി.അങ്ങനെ വിജയകരമായി ഒരേ വെള്ളത്തില്‍ കട്ടങ്കാപ്പി ഉണ്ടാക്കുകയും, ആവശ്യക്കാര്‍ക്ക്‌ പഴം പുഴുങ്ങിക്കൊടുക്കുകയും ചെയ്തു..

ഗാനമേള തീരാരായി. ഞങ്ങളുടെ ഐറ്റംസ്‌ ഒക്കെ ഏതാണ്ട്‌ തീര്‍ന്നു. എല്ലാവരും നന്നായി എന്നു പറഞ്ഞ പൊറോട്ട ഇത്തിരിപോലും ബാക്കിയില്ല. കൊതി സഹിക്കാതെ ജോസഫുകുട്ടി മാത്രം സ്വന്തം പോക്കറ്റില്‍ നിന്നും 4.50 മുടക്കി പൊറോട്ടയും ഉള്ളിക്കറിയും ഇടക്കെപ്പോഴോ കഴിച്ചിരുന്നു. ഇനി ബാക്കിയുള്ളത്‌ രണ്ട്‌ "പിറുങ്ങിണി" ഏത്തപ്പഴം മാത്രം.ഗാനമേള ടീമിലെ സൂപ്പര്‍ ഗായകന്‍ ചാക്കോ അവസാന സൂപ്പര്‍ ഹിറ്റ്‌ ഗാനം പാടുന്നു.
"പൊന്നും കുരുശു മുത്തപ്പ്പ്പോ പൊന്മല കേറ്റം"

അപ്പോഴാണു ഒരു കാര്‍ന്നോരും കൊച്ചു മകനും കാപ്പി കുടിക്കാനായി വന്നത്‌. പയ്യനു പൊറൊട്ട വേണം. പൊറോട്ട തീര്‍ന്നെന്ന് പറഞ്ഞപ്പോള്‍ ഉള്ളതു താ എന്നായി കാര്‍ന്നോര്‍.ഞാന്‍ ആയിരുന്നു ആ സമയം അടുക്കള ഡ്യൂട്ടി. ഞാന്‍ ഏത്തപ്പഴം രണ്ടും എടുത്ത്‌ വെള്ളത്തില്‍ ഇട്ടു. ഇനി ആരും വരില്ല എന്ന് കരുതി തീയൊക്കെ കെടുത്തിയിട്ട്‌ കുറേ നേരം ആയിരുന്നു. വീണ്ടും കുനിഞ്ഞിരുന്ന് തീയൂതാനുള്ള മടി കാരണം കുറച്ചു നേരം ഏത്തപ്പഴം ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടിട്ട്‌ കൊടുക്കമെന്നു കരുതി. കെളവനു കണ്ണും നല്ല പോലെ പിടിക്കുന്നില്ല. ഒരാളെ പറ്റിച്ചാല്‍ ആരറിയാനാ..?

അതിനുള്ള ശിക്ഷ അന്തോണീസു പുണ്യാളന്‍ അപ്പോ തന്നെ തന്നു. കാര്‍ന്നോര്‍ തിരക്കു കൂട്ടുന്നത്‌ കണ്ട്‌ പഴമെടുക്കാന്‍ നോക്കിയപ്പൊ തവി കണ്ടില്ല. ഞാന്‍ കൂടുതലൊന്നും ആലോചിച്ചില്ല. നേരേ കൈയിട്ട്‌ ഏത്തപ്പഴങ്ങള്‍ എടുത്തു. ചെറു ചൂടേ ഉണ്ടായിരുന്നുള്ളുവെങ്കിലും, മുട്ടു വരെ കൈ നല്ല പോലെ പൊള്ളി. പോരാത്തതിനു പുഴുങ്ങാത്ത പഴം കൊടുത്തെന്ന് പറഞ്ഞ്‌ കിഴവന്റെ വക തെറി കിട്ടുകയും ചെയ്തു.

അങ്ങനെ പെരുന്നാള്‍ പ്രമാണിച്ച്‌ ഉണ്ടായ എന്റെ നഷ്ടങ്ങള്‍ താഴെ പറയുന്ന പ്രകാരം രാത്രിയില്‍ കിടക്കുന്നതിനു മുമ്പ്‌ ഞാന്‍ മനസ്സില്‍ എഴുതിവച്ചു.
1. പെരുന്നാള്‍ സംബന്ധമായ എല്ലാ ആഘോഷങ്ങളും, ഗാനമേളയും
2. പള്ളിമുറ്റത്ത്‌ നടന്നെന്ന് പറയപ്പെടുന്ന് കൂട്ടത്തല്ല് താഴെ ചായക്കടയില്‍ ബിസിയായിരുന്ന കൊണ്ട്‌ കാണാന്‍ പറ്റാതിരുന്നത്‌.
3. കൈ പൊള്ളിയതും, കെഴവന്റെ തെറിയും
4. പിന്നെ ഏറ്റവും പ്രധാനമായി, വളരെയേറെ കൊതിയുണ്ടായിരുന്ന പൊറോട്ടയും, ഉള്ളിക്കറിയും രുചിച്ച്‌ നോക്കാന്‍ പോലും കിട്ടാതിരുന്നത്‌.

എന്നാലും ഞാന്‍ സന്തൊഷവാനാണു. ചായക്കടനടത്തിയ വകയില്‍ എല്ലാ ചിലവും(കുട്ടപ്പായി ചേട്ടനു കൊടുത്ത കള്ള്‌ കാശുള്‍പ്പെടെ) കഴിഞ്ഞ്‌ ലാഭം കിട്ടിയത്‌ 356.50 രൂ.

നാലു ഷട്ടില്‍ ബാറ്റും(തടി- സ്നീല്‍ ബാറ്റ്‌ അന്നൊരു ഡ്രീം ആയിരുന്നു), നെറ്റും വാങ്ങിയതു ശേഷം മിച്ചമുണ്ടായിരുന്ന കാശിനു അവരാച്ചന്‍ ചേട്ടന്റെ കടയില്‍ നിന്നും ഓരോ സോഡാനാരങ്ങാ വെള്ളം കഴിച്ചു കൊണ്ടു നില്‍ക്കുമ്പോഴും കഴിക്കാതെ പോയ ഒരു കഷ്ണം പോറോട്ട മനസ്സിലെവിടെയോ മുറിവേല്‍പ്പിച്ചിരുന്നോ..?

എന്താണേലും ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്കു ഗ്രൗണ്ടില്‍ ഒരു വിലയുണ്ടായി. ഷട്ടില്‍ കോര്‍ട്ടില്‍ ക്രമേണ തിരക്കും ഏറി.

7 Comments:

  • At 7:23 PM , Blogger ഉണ്ടാപ്രി said...

    ഓര്‍മ്മകളേ...കൈവള ചാര്‍ത്തീ വരൂ

     
  • At 8:41 PM , Blogger Mubarak Merchant said...

    ഉണ്ടാപ്രീ..
    നല്ല എഴുത്ത്.
    അത്രയ്ക്കൊന്നും പരിചിതമായ പശ്ചാത്തലമല്ലാതിരുന്നിട്ടും ഉണ്ടാപ്രിയുടെ കഥ മനസ്സിലൂടെ തന്നെ കടന്നുപോയി. ആശംസകള്‍.

     
  • At 8:51 PM , Blogger സു | Su said...

    പെരുന്നാള്‍ വന്നപ്പോള്‍ ഓര്‍മ്മകളും ഉഷാറായോ?

    :)

     
  • At 6:42 PM , Blogger മനോജ് കുമാർ വട്ടക്കാട്ട് said...

    നല്ല ഓര്‍മ്മകള്‍

     
  • At 5:07 AM , Blogger സാജന്‍| SAJAN said...

    ഉണ്ടാപ്രി ഇതു വായിച്ചു.. തുടര്‍ച്ചയായി എഴുതുക..:)

     
  • At 9:00 PM , Blogger Mr. K# said...

    എന്തായാലും ദോശയും ചമ്മന്തിയും കാരണം ഇതും വായിച്ചു. :-)

     
  • At 8:00 PM , Blogger ബിജുരാജ്‌ said...

    തകര്‍ത്തൂ .. നന്നായിട്ടുണ്ട്.. ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ ഇനിയും കാണുമല്ലോ ചിപ്പികള്‍ പോരട്ടെ...

     

Post a Comment

Subscribe to Post Comments [Atom]

<< Home