ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, January 10, 2007

ഇ-ടിക്കറ്റും, പൗഡറപ്പനും

അങ്ങനെ ക്രിസ്തുമസ്സ്‌ അവധിയും വന്നെത്തി..മൂന്നരമാസങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ നാട്ടിലേക്ക്‌ പോകുന്നത്‌. ഓണത്തിനു ശേഷം ഒരുവട്ടം ഞാന്‍ തനിച്ച്‌ നാട്ടില്‍ പോയിരുന്നു.

രണ്ടരയാഴ്ചക്കാലത്തെ വീടന്വേഷണത്തിന്റെ തിരക്കിലായിരുന്നതു കാരണം മാസങ്ങള്‍ക്ക്‌ മുമ്പേ ബുക്ക്‌ ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റിന്റെ പ്രിന്റ്‌ എടുക്കാന്‍ മറന്നിരിക്കുകയായിരുന്നു.രാവിലേ പോരുന്നതിനു മുമ്പേ ഓര്‍മ്മിപ്പിച്ചത്‌ പോരാതെ രണ്ടു മൂന്ന് വട്ടം ഫോണ്‍ ചെയ്യുകകൂടി ചെയ്തു അപാരമായ എന്റെ ഓര്‍മ്മശക്തിയില്‍ വിശ്വാസമുള്ള വാമഭാഗം...

പുതിയ വാടകവീട്ടിലേക്കു മാറുന്നതിനു മുന്നോടിയായി ഉണ്ടാക്കിയ കരാറിലെ മുഖ്യ ഇനമായ ചെലവു ചുരുക്കലിന്റെ ഭാഗമായി റെയിവ്വേ സ്റ്റേഷനിലേക്കുള്ള പതിവു കാള്‍ടാക്സി യാത്ര ഒഴിവാക്കാന്‍ മുന്‍ക്കൂട്ടി തീരുമാനമായി..അതനുസരിച്ച്‌ നാലുമണിക്കുള്ള എക്സ്പ്രസ്സ്‌ ട്രെയിന്‍ പിടിക്കാന്‍ രണ്ടര മണിക്കുള്ള പറക്കുംടെയിന്‍(മെട്രോട്രെയിന്‍) മതിയാവും എന്ന് തീരുമാനിച്ചു.

" നിറയേ ജോലിയുള്ളതിനാല്‍ ഞാന്‍ രണ്ടു മണിയോടെയേ വീട്ടീല്‍ എത്തൂ, എല്ലാം പായ്ക്ക്‌ ചെയ്തു റെഡിയായി ഇരുന്നേക്കണം" എന്ന ഉഗ്രശാസനവും കൊടുത്തിട്ടാണു രാവിലേ വീട്ടില്‍ നിന്നും പോന്നത്‌..എങ്കിലും എല്ലാ പണിയും തീര്‍ത്തു, ഫോണ്‍ബില്ലും അടച്ചിട്ട്‌ ഒന്നരമണിയോടെ തന്നെ വീട്ടില്‍ എത്തി..പോരുന്നതിനു മുമ്പേ എടുത്ത ട്രെയിന്‍ ടിക്കറ്റിന്റെ പ്രിന്റുകള്‍ ഭദ്രമായി കയ്യില്‍ സൂക്ഷിച്ചുരുന്നു.

അഞ്ചു മിനിറ്റോളം വാതിലില്‍ തട്ടിയതിനു ശേഷമാണു വാമഭാഗം വാതില്‍ തുറന്നത്‌.

"പണ്ടാരക്കാലീ...ഞാന്‍ പേടിച്ചു പോയല്ലോ...രാവിലെ പോകുമ്പോള്‍ തലകറക്കം ഉണ്ടെന്ന് പറഞ്ഞിരുന്ന പെണ്ണാ...പോരാത്തതിനു വീട്ടില്‍ ഫോണ്‍ വിളിച്ചിട്ട്‌ ആരും എടുത്തില്ല എന്ന് നിന്റെ ചേച്ചി ഇത്തിരി മുമ്പേ എന്നേ വിളിച്ചു പറയുകയും ചെയ്തു."

വാതില്‍ തുറക്കാന്‍ കാത്തിരുന്നതിന്റെ ദേഷ്യം ഞാന്‍ മറച്ചു വച്ചില്ല. ഫുള്‍ വോള്യത്തില്‍ ഒരു അലക്കലക്കി..

"നാശം പിടിക്കാന്‍..!! രണ്ടു മണിക്കേ വരികൊള്ളൂ എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ഓടി നടന്ന് പാചകവും പായ്ക്കിങ്ങും കഴിഞ്ഞ്‌ കുളിക്കാന്‍ കേറിയത്‌...കേറിയപ്പോള്‍ തുടങ്ങി ഈ കുന്ത്രാണ്ടം ഇരുന്ന് മണി അടിക്കുന്നതാ...അതിനു പുറകേ വാതിലില്‍ തട്ടും..എന്റെ ഭഗവാനേ ഞാന്‍ മടുത്തു.." വാമഭാഗവും പതിവു പോലേ ഫോമിലേക്കുയരുന്നത്‌ കണ്ട്‌ നാവിന്‍ തുമ്പത്ത്‌ വരെ വന്ന സുക്രുതജപങ്ങള്‍ ഞാന്‍ ഒഴിവാക്കി..

അവ്യക്തമായി എന്തോ പൊറുപൊറുത്ത്‌ കൊണ്ട്‌ വാമഭാഗം ഡ്രസ്സ്‌ മാറാന്‍ പോയപ്പോള്‍ കയ്യില്‍ ഇരുന്ന ടിക്കറ്റുകള്‍ മടക്കി ഞാന്‍ അവളുടെ ബാഗില്‍ വച്ചു.

നാട്ടിലേക്ക്‌ പോകുന്നത്‌ പ്രമാണിച്ച്‌ പതിവുള്ളതിനു പുറമേ, രണ്ടുമൂന്ന് കോട്ട്‌ എക്സ്ട്രാ തേച്ചുപിടിപ്പിക്കലും, മിനുക്കലും കഴിഞ്ഞിട്ടേ വാമഭാഗം ഡ്രെസ്സിംഗ്‌ റൂമില്‍ നിന്നും ( തെറ്റിദ്ധരിക്കേണ്ട...ബെഡ്‌ റൂമിന്റെ സൈഡില്‍ ഇരിക്കുന്ന മേശയും കണ്ണാടിയും എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ) പുറത്തിറങ്ങിയുള്ളൂ.

വലിയ പെട്ടിയും വലിച്ചു തൂക്കി സ്ക്കൂട്ടറില്‍ ഞങ്ങള്‍ യാത്ര തുടങ്ങി..ഒരു 50 മീറ്റര്‍ മാറിയില്ല.വാമഭാഗം വിളിച്ചുകൂവി..

"അയ്യോ...നിറുത്തോ.. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നു.."
"നരകം..!! നീ പിന്നെ എവിടെ നോക്കിയാ എറങ്ങിയത്‌.." എനിക്ക്‌ കലി അടക്കാന്‍ പറ്റിയില്ല.
എന്ത്‌ കഷ്ടകാലമാണോ എന്റെ ദൈവമേ എന്ന് വിചാരിച്ച്‌ വീണ്ടും തിരിച്ച്‌ വീട്ടിലേക്ക്‌..

വാമഭാഗത്തിനെ "പറക്കുംകുട്ടിട്രെയിന്‍" സ്റ്റേഷനു മുമ്പില്‍ ഇറക്കി വിട്ടിട്ട്‌ ഞാന്‍ സ്കൂട്ടര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ഓഫീസിനു ഉള്ളിലേക്ക്‌ പോയി. തിരിച്ചു വരുമ്പോള്‍ അവള്‍ ടിക്കറ്റ്‌ എടുക്കാതെ വാതിക്കല്‍ തന്നെ നില്‍ക്കുന്നു. കുട്ടിട്രെയിന്‍ അതിന്റെ വഴിക്ക്‌ പോയിക്കഴിഞ്ഞിരുന്നു. അടുത്ത ട്രെയിന്‍ ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ...

ഇതേ അബദ്ധം പറ്റിയ മറ്റൊരു മലയാളി പെണ്‍കുട്ടിയും "ഇതാണോ കത്രീ ഭൂലോകം" എന്ന മട്ടില്‍ ഇനിയെന്ത്‌ ചെയ്യണം എന്ന് വര്‍ണ്യത്തില്‍ ആശങ്കയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. വാമഭാഗം ആ കുട്ടിയെക്കൂടി ഏറ്റെടുത്തു എന്ന് അവളുടെ ഭാവത്തില്‍ നിന്നും എനിക്കു മനസിലായി.

ഓട്ടോ ഡ്രൈവര്‍ന്മാരുമായി അര മണിക്കൂര്‍ വിലപേശി മുടിഞ്ഞ കൂലി കൊടുത്ത്‌ പോകുന്നതിനേക്കാള്‍ നല്ലത്‌ പത്തോ ഇരുപതോ കൂടുതല്‍ കൊടുത്ത്‌ ടാക്സിയില്‍ പോകുന്നതാണെന്ന് 3 വര്‍ഷത്തെ ചെന്നൈ ജീവിതത്തില്‍ നിന്നും ബുദ്ധിമാനായ എനിക്ക്‌ മനസ്സിലായിരുന്നു. ഇത്തവണെയെങ്കിലും ടാക്സി ഒഴിവാക്കണമെന്ന വിചാരത്തില്‍ ഈ കണ്ട കഷ്ടപ്പാടെല്ലാം കഴിച്ചിട്ട്‌ വീണ്ടും ടാക്സിയില്‍ തന്നെ...."ദൈവമേ...എല്ലാം നിന്റെ മായ...!!".( എന്റെ വെളിപ്പെടുത്തപ്പെട്ട പൂര്‍വ്വകാമുകീ ലിസ്റ്റില്‍ മായ എന്ന പേരില്ലാത്തതിനാല്‍ വാമഭാഗം കേള്‍ക്കെത്തന്നെ ആത്മഗതം ചെയ്യാന്‍ പറ്റി).

അങ്ങനെ സെന്‍ ട്രല്‍ സ്റ്റേഷനിലേക്ക്‌....അപരിചിതയായ ആ മലയാളിപ്പെണ്‍കുട്ടിയേയും കൂടെക്കൂട്ടി...

കാറില്‍ പതിവു പോലെ വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഞാന്‍ നിശബ്ദനായിരുന്നു. ഇങ്ങനെ വിണു കിട്ടുന്ന അപൂര്‍വ്വ നിമിഷങ്ങളിലാണു ഞാന്‍ ജീവിതത്തിലേക്ക്‌ തിരിഞ്ഞു നോക്കാറുള്ളത്‌

പിറകിലത്തെ സീറ്റില്‍ വാമഭാഗം മല്ലുക്കുട്ടിയുമായി കത്തി ആരംഭിച്ചിരുന്നു. നഗരത്തിലെ ഏറ്റവും പ്രശസ്തമായ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ പുതുതായി ജോലി കിട്ടിയെത്തിയ ആ കുട്ടിയും വാചകമടിയില്‍ കേമിയായിരുന്നു....
പെണ്‍ മലയാളം അങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ വെളിപാടുണ്ടായതു പോലെ ഞാന്‍ വാമഭാഗത്തോടു ചോദിച്ചു.
"എടീ നിന്റെ കൈയ്യില്‍ ഐഡിക്കാര്‍ഡ്‌ ഉണ്ടല്ലോ അല്ലേ..?"
"അയ്യോ...ഞാനതെടുക്കാന്‍ മറന്നു..."

ഒരിക്കലും പതിവില്ലാത്ത പോലെ തലേദിവസം അവളുടെ ഹാന്‍ഡ്ബാഗ്‌ വൃത്തിയാക്കിയപ്പോള്‍ അവളതെടുത്ത്‌ അലമാരിയില്‍ വച്ചിരുന്നത്രെ..
"അയ്യോ ഇനിയെന്തു ചെയ്യും..? തിരിച്ചു പോയി എടുത്തു കൊണ്ട്‌ വന്നാലോ..?" വാമഭാഗം ആധിയിലായി..

"ഓ ഇതൊന്നും വലിയകാര്യമല്ല...നമ്മക്ക്‌ ഡീല്‍ ചെയ്യാമെന്നേ..". പുറകിലൊരു പെണ്‍കുട്ടി കൂടിയുള്ളതിനാല്‍ ഞാന്‍ വലിയ ദൈര്യം ഭാവിച്ചു പറഞ്ഞു.

ഒാടിപ്പാഞ്ഞ്‌ ട്രയിനില്‍ എത്തിയപ്പോഴുണ്ട്‌ മറ്റൊരു കുടുംബം ഞങ്ങളുടെ സീറ്റില്‍....
"ഇത്‌ ഞങ്ങളുടെ സീറ്റാ..ടിക്കറ്റ്‌ കണ്ടോ.."
ബിന്‍ലാദനെ ബുഷ്‌ നോക്കുന്നത്‌ പോലെ ഒരു നോട്ടം നോക്കിയതല്ലാതെ സംഘത്തിലെ മുതിര്‍ന്ന പെണ്‍കൊടി ഒന്നും മിണ്ടിയില്ല..
"കര്‍ത്താവേ..പരീക്ഷിക്കരുതേ..."
കര്‍ത്താവു പ്രാര്‍ത്ഥന കേട്ടു.
ഇതേ സമയത്ത്‌ വേറൊരു ട്രെയിന്‍ കൂടി നാട്ടിലേക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്കായിരുന്നു അബദ്ധം പറ്റിയത്‌.എങ്കിലും പൊന്തന്‍ ബാഗുകളും കെട്ടിപ്പെറുക്കി, കുട്ടികളുമായി അവര്‍ നെട്ടോട്ടം ഓടുന്നത്‌ കണ്ടപ്പോള്‍ വിഷമം വന്നു.

അങ്ങനെ സീറ്റില്‍ ഇരുപ്പായി. പുതുതായി ജോലി കിട്ടിയെത്തിയ ഒരു സംഘം പെണ്‍കുട്ടികളായിരുന്നു സഹയാത്രികര്‍. എന്തായാലും ഐ.ഡി കാര്‍ഡ്‌ പ്രശ്നം ടി.ടി യെക്കണ്ട്‌ പരിഹരിച്ചേക്കാം എന്ന് വിചാരിച്ച്‌ ഞാന്‍ പുറത്തിറങ്ങി..അങ്ങേരെ പൊതിഞ്ഞു നിന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നിലെത്തി.
"സാര്‍......."കരിക്കറുമ്പന്‍ ടിടി തലപൊക്കി എന്നെ നോക്കി.
"സാര്‍ ഞാന്‍ ഇ-ടിക്കറ്റിന്റെ ഐഡിക്കാര്‍ഡ്‌ എടുക്കാന്‍ മറന്നു"
"അപ്പടിന്നാ..ടിക്കറ്റ്‌ ഫുള്‍ച്ചാര്‍ജ്‌+ 500 ഫൈന്‍"
"അയ്യോ സാര്‍ ഏതാവത്‌ പണ്ണ മുടിയുമാ."
"നീങ്ക അന്ത ടിക്കറ്റ്‌ ഒരു വാട്ടി റീഡ്‌ പണ്ണുങ്കോ.."

30-ലേറെ തവണ ഇ-ടിക്കറ്റില്‍ യാത്രചെയ്ത ഞാന്‍ ഇതു വരെ ടേംസ്‌ ആന്‍ഡ്‌ കണ്ടീഷന്‍സ്‌ വായിച്ചിട്ടില്ലെന്നോ...ഛേയ്‌..മോശം. ഒരു വട്ടം കൂടി ശ്രദ്ധയോടെ വായിച്ചു നോക്കി. ടിക്കറ്റ്‌ മറന്നാല്‍ 50 രൂപാ ഫൈന്‍. ഐഡിക്കാര്‍ഡ്‌ മറന്നാല്‍ ടിക്കറ്റ്‌ ലെസ്‌ ട്രാവല്‍ ആയി പരിഗണിച്ച്‌ തക്ക ശിക്ഷ.!!!

"കര്‍ത്താവേ ചതിച്ചല്ലോ..."
ഞാന്‍ പഞ്ചാബിഹൗസില്‍ കൊച്ചിന്‍ ഹനീഫ ബോട്ട്‌ തെണ്ടാന്‍ നിന്ന പോലെ ടിടീയെ ദയനീയമായി നോക്കിക്കൊണ്ട്‌ നിന്നു.
"സാര്‍ പ്ലീസ്‌..ഏതാവത്‌ പണ്ണുങ്കോ.."
"ശരി..അപ്പുറം പാക്കലാം..അഡ്ജസ്റ്റ്‌ പണ്ണലാം.."

ഡാഷ്‌ പോയ അണ്ണാനേപ്പോലെ ഞാന്‍ സീറ്റില്‍ തിരിച്ചെത്തി. പടനായകനേപ്പോലെ പോയ കണവന്‍ വാലും ചുരുട്ടി തിരുച്ചു വന്നത്‌ കണ്ടപ്പോള്‍ തന്നെ വാമഭാഗം എന്തോ അപകടം മണത്തിരുന്നു. കാര്യം ഒതുക്കത്തില്‍ അവളോട്‌ പറഞ്ഞു.
"ഇനിയെന്ത്‌ ചെയ്യും..നമ്മുക്ക്‌ പോയി ഒന്നു കൂടി കാലുപിടിച്ചു നോക്കാം" അവള്‍ കെഞ്ചി.

ടിടിക്ക്‌ കൈമണി കൊടുക്കുന്നതിനേക്കാള്‍ അവളെ വിഷമിപ്പിച്ചത്‌ ഈ സുന്ദരിപ്പെണ്ണുങ്ങളുടെ ഇടയില്‍ വച്ച്‌ അയാളുമായി വിലപേശേണ്ടി വരുന്ന അപമാനമോര്‍ത്തായിരുന്നു. പോരാത്തതിനു പതിനായിരങ്ങള്‍ വിലയുള്ള മൊബെയില്‍ ഫോണ്‍ ഒക്കെ പൊക്കിപ്പിടിച്ചുള്ള അവളുമാരുടെ ഇരുപ്പ്‌ വാമഭാഗത്തിനു അത്ര പിടിച്ചിട്ടുണ്ടായിരുന്നില്ല.( ഹേയ്‌..അസൂയ ഒന്നും അല്ല കേട്ടോ.. ലേഡീസിന്റെ ഓരോരോ പ്രോബ്ലംസേ..:) )

ഞാനും അവളും കൂടി വിണ്ടും ടിടിയെ കാണാന്‍ പോയി..അയാളുടെ കോട്ടും ഫയലുമൊക്കെ ഒരു സീറ്റില്‍ ഇരിക്കുന്നത്‌ കണ്ടപ്പോള്‍ കക്ഷി അടുത്തെവിടെയോ ഉണ്ടെന്നു മനസ്സിലായി..പെട്ടന്ന് ടോയിലറ്റിന്റെ വാതില്‍ തുറന്ന് അയാള്‍ ഇറങ്ങി വന്നു. അയാളുടെ വരവു കണ്ട്‌ വാമഭാഗം ചിരി അടക്കാന്‍ പാടുപെട്ടു..മറ്റൊന്നുമല്ല..ഹിറ്റ്‌ ലര്‍ സിനിമയില്‍ ജഗദീഷ്‌ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഇറങ്ങി വരുന്ന ഒരു സീനുണ്ട്‌..അതിനേക്കാള്‍ കഷ്ടമായിരുന്ന് അയാളുടെ മുഖം. സ്വതവേ കറുത്തിരുണ്ട അയാളുടെ മുഖത്ത്‌ 2 ഇഞ്ച്‌ കനത്തില്‍ പൗഡര്‍ വാരിപ്പൊത്തിയിരുന്നു. ഞങ്ങളെ കണ്ടതും അയാളും ചമ്മിപ്പോയി...

"മുന്നാടി പാത്തതല്ലേ..അഡ്ജസ്റ്റ്‌ പണ്ണലാം" എന്ന് പറഞ്ഞിട്ട്‌ കൂടുതല്‍ വിസ്തരിക്കാന്‍ നില്‍ക്കാതെ അയാള്‍ വേഗം അടുത്ത കമ്പാര്‍ട്ട്‌ മെന്റിലേക്കു പോയി.

തിരിച്ചു സീറ്റില്‍ വന്ന വാമഭാഗത്തിനു ഐഡിക്കാര്‍ഡിന്റെ ടെന്‍ഷനിടക്കും പൗഡറപ്പന്റെ കാര്യമോര്‍ത്ത്‌ ചിരി അടക്കാനായില്ല. മാത്രവുമല്ല അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴൊക്കെ അയാള്‍ കണ്ണാടിയില്‍ ഒളിഞ്ഞു നോക്കുന്നത്‌ കാണുക കൂടി ചെയ്തപ്പോള്‍ അവള്‍ "പവിഴ മല്ലി പൂത്തുലഞ്ഞ നീലവാനം." എന്ന ഗാനം മൂളാന്‍ തുടങ്ങി..

ടിക്കറ്റ്‌ ചെക്കിങ്ങിനു വന്നപ്പോഴും അയാള്‍ പഴയ പല്ലവി ആവര്‍ത്തിച്ചു.
"അപ്പുറം പാക്കലാം.."
"കര്‍ത്താവേ ഈ പൗഡറപ്പനു എത്ര രൂപായാണോ കൈമണി കൊടുക്കേണ്ടി വരിക" എന്ന ടെന്‍ഷനില്‍ ഞങ്ങള്‍ ഇരുന്നു. അയാളെ ഒഴിവാക്കാന്‍ ഞങ്ങള്‍ ഉറക്കം ഭാവിച്ചിരിക്കുകയും, ഓരോരോ സ്റ്റേഷനും എത്തുമ്പോള്‍ ടിടി മാറിയോ എന്ന് ഒളിഞ്ഞു നോക്കുകയും ചെയ്തു.ദൈവക്രിപയാല്‍ ഉറക്കം നഷ്ടപ്പെട്ടതല്ലാതെ വേറൊന്നും സംഭവിച്ചില്ല.

എങ്കിലും പിറ്റേ ദിവസം നാട്ടിലേക്ക്‌ തിരിക്കുന്ന അസാധാരണനെ ഫോണില്‍ വിളിച്ച്‌ എങ്ങനെയെങ്കിലും ഐഡിക്കാര്‍ഡ്‌ എടുത്ത്‌ കൊണ്ട്‌ വരണമെന്ന് അഭ്യര്‍ത്ഥിച്ചു..

എന്താണേലും അസാധാരണന്റെ സഹായം കൊണ്ട്‌ തിരിച്ചു വരവില്‍ പൗഡറപ്പന്മാരുടെ ടെന്‍ഷന്‍ ഇല്ലാതെ സുഖമായി ഉറങ്ങാനായി..

5 Comments:

  • At 11:12 AM , Blogger ഉണ്ടാപ്രി said...

    ക്രിസ്തുമസ്സ്‌ യാത്രാവിശേഷം. ചെറിയൊരു അമളി..പിന്നെ അതിന്റെ ടെന്‍ഷന്‍..

     
  • At 11:20 AM , Blogger സുല്‍ |Sul said...

    സേവ് ചെയ്തു ഉണ്ടാപ്രി. പിന്നെ വായിക്കാം.

    കുറെയായല്ലോ കണ്ടിട്ട്.
    ഏവിടെയായിരുന്നു.
    ക്രിസ്തുമസ്സ് കഴിഞ്ഞിപ്പോ എത്തിയേഉള്ളൂ.

    ഏതായാലും ഒരു തേങ്ങയടിച്ചിട്ട് പോകാം.
    ‘ഠേ.......................’
    -സുല്‍

     
  • At 10:58 PM , Blogger evuraan said...

    ഹി ഹി ഹി..!

    qw_er_ty

     
  • At 2:03 PM , Blogger Anoop G said...

    nalla visheshangal...!

     
  • At 4:29 AM , Blogger സാജന്‍| SAJAN said...

    അതിശയോക്തിയില്ലാതെ എഴുതിയിരിക്കുന്നു നന്നായീരിക്കുന്നു..അവസ്സാനം എനിക്കങ്ങൊട്ട് മന‍സ്സിലായില്ലായിരുന്നു.. 2 തവണ വായിക്കേണ്ടി വന്നു..
    :)

     

Post a Comment

Subscribe to Post Comments [Atom]

<< Home