ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Thursday, August 23, 2007

ഓണം വന്നേയ്‌..നാട്ടില്‍ പോണേയ്‌..

ഓണത്തിനു നാട്ടില്‍ പോണൂ..
രാവിലെ ഓഫീസില്‍ വന്നപ്പോല്‍ പൂമുഖം നിറയെ പൂക്കളങ്ങള്‍!!
വൈകിട്ട്‌ പായസവും ഉണ്ട്‌..
പൂക്കളങ്ങളുടെ ചിത്രങ്ങള്‍ ഇതാ.
.ബാക്കി വിശേഷങ്ങള്‍ നാട്ടില്‍ നിന്നും തിരിച്ചു വന്നിട്ട്‌..



















































Monday, August 20, 2007

വിണ്ടും ബ്ലോഗുലകത്തിലേക്ക്‌

ആത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെയായിരുന്നു കുറേ നാള്‍. സ്വന്തമായി മലയാളം ബ്ലോഗുള്ളവര്‍ക്ക്‌ നിലയും,വിലയുമുള്ള കാലം. നര്‍മ്മങ്ങള്‍ നിറഞ്ഞ ധാരാളം ബ്ലോഗുകള്‍ വായിച്ചാസ്വദിച്ചു. മറ്റുള്ളവര്‍ക്ക്‌ രസിച്ചാലും ഇല്ലെങ്കിലും സ്വന്തം കുറിപ്പുകളില്‍ ഇത്തിരി നര്‍മ്മം ഉണ്ടാവണേ എന്നാഗ്രഹിച്ചു..

പ്രിയപ്പെട്ട കൂട്ടുകാരനു വേണ്ടി ഒരു പാചകക്കുറിപ്പുകളും എഴുതി. ഒരു നാള്‍ ബൂലോഗമൊന്നാകെ(ഇത്തിരി അതിശയോക്തി ഇരിക്കട്ടെ!!) എന്റെ തട്ടുകടയിലെത്തി ദോശയും, ചമ്മന്തിയും ആസ്വദിച്ചപ്പോള്‍ അറിയാതെ ഇത്തിരി അഹംഭാവം ഉടലെടുത്തു. പിന്നെ നാട്ടുപുറത്തെ സാദാരണ ചായക്കടയിലെപ്പോലെ കുറേപ്പേര്‍ കൂടിയിരുന്ന് കുറ്റമ്പറച്ചിലും, തമ്മില്‍തല്ലും തുടങ്ങി.പഴയ ബൂലോഗം, പുതിയ ബൂലോഗം, ബൂലോഗകൂട്ടായ്മ, തന്തയ്കു വിളി...പിന്നെയും എന്തൊക്കെയോ.

വ്യക്തിപരമായ ഒത്തിരി ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പിന്നെ പിന്നെ ബ്ലോഗുകള്‍ ശ്രദ്ധിക്കാതായി..എങ്കിലും ഇടക്കെപ്പോഴൊക്കെയോ പ്രശസ്തമായ പാചകബ്ലൊഗുകള്‍ നോക്കാറുണ്ടായിരുന്നു...പിന്നെ പിന്നെ ഇപ്പോഴത്തെ മിന്നും താരങ്ങളുടെ ബ്ലോഗുകളും..(പാലാക്കാരന്‍, ഭരണങ്ങാനത്തുകാരന്‍, ബാഗ്ലൂരുകാരി ഹാസ്യറാണി ..). മിക്കവാറും ദിവസേന അപ്‌ഡേറ്റിടുന്ന ഇവരുടെ പോസ്റ്റുകള്‍ സമയക്കുറവു മൂലം മൂന്നും നാലും ഒക്കെ ഒറ്റയിരുപ്പിന്‌ വായിച്ച്‌ തീര്‍ക്കുന്നത്‌ വാരാന്ത്യത്തിലാവും..മനസ്സില്‍ രസിച്ച ഇവയില്‍ ചിലതിന്‌ കമന്റിടാന്‍ വേണ്ടി "വരമൊഴി" പൊടിതട്ടി വീണ്ടും എടുത്തു..

ഇതിനിടയില്‍ എത്രയോ സംഭവങ്ങള്‍...
പിന്മൊഴി ചത്തു..അല്ല..കൊന്നു..
മറുമൊഴി ജനിച്ചു..

കുറേ പുലികള്‍ എഴുത്ത്‌ നിറുത്തി..വേറേ ചിലര്‍ പുതിയ പേരുകളില്‍ എഴുത്ത്‌ തുടങ്ങി...പഴയ ട്രാന്‍സ്ഫോമറുകള്‍ മൂലക്ക്‌ തള്ളി. എഴുതിത്തഴക്കം വന്ന ഭാഷാവരം കിട്ടിയ കൂട്ടരെ കണ്ട്‌ ആദ്യം ബൂലോഗം അമ്പരന്നു. ചിലര്‍ അവര്‍ക്ക്‌ അയിത്തം കല്‍പിച്ചു..മറ്റു ചിലര്‍ വിധേയരായി...വരത്തന്മാര്‍ ചങ്കുറപ്പുള്ളവരായിരുന്നു. ഒന്നിനേയും കൂസാത്തവരായിരുന്നു..ആദ്യകാലത്ത്‌ ഹൈറേഞ്ചിലെത്തിയ മദ്ധ്യതിരുവിതാംകൂറുകാരേപ്പോലെ അവര്‍ കാടുവെട്ടിത്തെളിച്ചു..എതിര്‍ത്ത വന്യമൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കി.(സാധുമൃഗങ്ങളെ ഭക്ഷിച്ചോ എന്നറിയില്ല)..എന്താണേലും കാട്‌ വെട്ടി തീയിട്ട്‌ പുതുനിലത്ത്‌ കൃഷി ഇറക്കിയത്‌ കണ്ടപ്പോള്‍ മാറി നിന്നവരും അടുത്ത്‌ വന്നു. പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പറയുന്നപോലെ ചെയ്തതെല്ലാം കാലഘട്ടത്തിന്റെ ചരിത്രപരമായ ഒരു ആവശ്യമായിരുന്നു എന്നവര്‍ തെളിയിച്ചു.

"അങ്ങനെ പവനായി ശവമായി".

കാലാനുസൃതമായ ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുക്കൊണ്ട്‌....
സമയമില്ലെങ്കിലും..ഇത്തിരി നുറുങ്ങുകളും, കൊച്ചുകൊച്ചു അനുഭവമുഹൂര്‍ത്തങ്ങളും..എഴുതിവക്കാന്‍ ഒരിടമുള്ളപ്പോള്‍ എന്തിന്‌ ഞാന്‍ മടിച്ചു നില്‍ക്കണം.
ആരെയും രസിപ്പിക്കാനല്ല.
ആരേയും വേദനിപ്പിക്കാനുമല്ല...
ചുമ്മാ..ചുമ്മാ വെറുമൊരു രസത്തിന്‌...
(ആത്മസംതൃപ്തി എന്നൊക്കെ വിവരമുള്ളവര്‍ പറയും..)
എന്റെ അന്തോണീസു പുണ്യാളാ..ഈ രണ്ടാംവരവിലും നീ തന്നെ കാക്കണേ..."