ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Thursday, May 03, 2007

കര്‍ത്താവേ, ഞാന്‍ ചെയ്യുന്നതെന്താണെന്ന് ഞാനറിയുന്നില്ല. എന്നോട്‌...

നാട്ടില്‍ പോകാനുള്ള വെപ്രാളത്തിനിടക്ക്‌ രാവിലെ തട്ടിക്കൂട്ടിയുണ്ടാക്കിയ ദോശയുടെയും,ചമ്മന്തിയുടേയും ഫോട്ടോ എടുത്ത്‌ ബ്ലോഗില്‍ ഇട്ടപ്പോള്‍ ഇതിത്ര കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണെന്ന് തോന്നിയില്ല.

ശരിക്കും ഞാന്‍ അധികം ബ്ലോഗുകള്‍ ഒന്നും വായിച്ചിട്ടില്ല.(ആഗ്രഹമില്ലാഞ്ഞിട്ടല്ല...നടക്കേണ്ടേ..ഒരറ്റം മുതല്‍ തുടങ്ങിയതേ ഉള്ളൂ). അതു കൊണ്ടു തന്നെ, ബൂലോകത്തെ( ഈ ബൂലോകം എന്താണെന്ന് മനസ്സിലായതു തന്നെ ഈ അടുത്ത കാലത്താണു) കീഴ്‌വഴക്കങ്ങളൂം മറ്റും വലിയ പിടിയില്ല.

ഏതാണ്ട്‌ ഒരു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അനൂപ്ജി ബ്ലോഗ്‌ എന്ന സംഭവം പരിചയപ്പെടുത്തിയത്‌...
സംഭവം ഇങ്ങനെയായിരുന്നു..
"മാഷേ താന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ടോ..?"
"കേട്ടിട്ടുണ്ട്‌....ഒരു ചങ്ങാതി ബുദ്ധിജീവിക്ക്‌ ബ്ലൊഗ്‌ ഉണ്ട്‌..അവന്റെ ബ്ലോഗ്‌ വല്ലപ്പോഴും വായിക്കാറുണ്ട്‌...ഒന്നും മനസ്സിലാവില്ലെങ്കിലും..."
"ബ്ലോഗ്‌ എഴുതാന്‍ ബുദ്ധിജീവി ഒന്നും ആവണ്ടടോ..ഈ എനിക്ക്‌ പോലും ബ്ലോഗുണ്ട്‌..ചുമ്മാ ഡയറിക്കുറിപ്പുകള്‍ പോലെ എഴുതിയാല്‍ മതി.."
"കൊള്ളാല്ലോ..എന്നാലും ആള്‍ക്കാര്‍ക്ക്‌ താല്‍പര്യം ഉള്ളതു വല്ലോം വേണ്ടേ എഴുതാന്‍.."
"അതൊക്കെ എഴുതി വരുമ്പോള്‍ ഉണ്ടാകുമെന്നേ.. താന്‍ കൊടകരപുരാണം വായിച്ചുണ്ടോ.."
"ഉവ്വ്‌...ഒരു പി.ഡി.എഫ്‌ ഫയല്‍ ആരോ ഫോര്‍വേഡ്‌ ചെയ്തിരുന്നു.നല്ല രസമുണ്ട്‌ അല്ലേ.."
"എടോ മനുഷ്യാ അതൊരു ബ്ലോഗില്‍ വന്ന കാര്യങ്ങളാ..അതിപ്പോ പുസ്തകമാക്കാനും പോണു.."

സംഗതി കൊള്ളാല്ലോ...എപ്പോഴും സര്‍വ്വര്‍, ഫയര്‍വാള്‍, ബഗ്ഗ്‌ ഫിക്സ്‌ എന്നൊക്കെ പറഞ്ഞ്‌ നടന്നതു കൊണ്ടൊന്നും കാര്യമില്ല..ഈ ലോകത്ത്‌ നടക്കുന്ന മറ്റു കാര്യങ്ങളും അറിയണം..വിക്കി ആവശ്യത്തിനു,ഉപയോഗിക്കുന്നുണ്ടല്ലോ...സ്ക്രാപ്‌ ഇടുകയും ഇല്ല, മറുപടി എഴുതുകയും ഇല്ല എങ്കിലും ,പഴയ കൂട്ടുകാരെ റിക്വസ്റ്റ്‌ വരുന്ന മുറക്ക്‌ ഓര്‍ക്കൂട്ടില്‍ ആഡ്‌ ചെയ്യുന്നുണ്ട്‌. ഫോര്‍വേഡായി കിട്ടുന്ന "യൂട്യൂബ്‌" തമാശകള്‍ കാണുന്നുമുണ്ട്‌. എന്നാല്‍ പിന്നെ ഈ ബ്ലോഗിലും ഒന്ന് കാല്‍ വച്ചേക്കാം.

അങ്ങനെ വിശാലമനസ്കന്‌ ഗുരുദക്ഷിണ വച്ച്‌ ബ്ലോഗേഴുതി തുടങ്ങി..ആദ്യ കാലത്ത്‌ ഉപദേശങ്ങള്‍ തന്ന നല്ലവനായ ശ്രീജിത്തിന്‌ നന്ദി !!!

വല്ലപ്പോഴും എന്തെങ്കിലും ചീളുകള്‍ ബ്ലോഗില്‍ ഇടുന്നതു തന്നെ "യെവന്‍ ആളു മോശമില്ല കേട്ടാ, ബ്ലോഗൊക്കെ എഴുതി തുടങ്ങി" എന്ന് പകുതി കാര്യമായി എന്നെ കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ വായിക്കുമെന്ന പ്രതീക്ഷയില്‍...എങ്കിലും വല്ലപ്പോഴും വഴി തെറ്റി വന്ന ഒന്നോ രണ്ടോ ബ്ലോഗു പുലികളും കമന്റിട്ട്‌ എന്നെ പ്രോല്‍സാഹിപ്പിച്ചിരുന്നു.(പിന്മൊഴി, തനി മലയാളം തുടങ്ങിയവയുടെ സേവനങ്ങള്‍ വലിയ പിടിയില്ലായിരുന്നു...). ചുമ്മാ ഇരിക്കുന്ന നേരത്ത്‌ കൊതി പറഞ്ഞ്‌ രസിക്കുന്ന എന്റെ പ്രിയസുഹ്രുത്തിനായി ഒരു പാചകക്കുറിപ്പുകളും തുടങ്ങി..ഇത്രയും ചരിത്രം..

എന്താണേലും വെള്ളിയാഴ്ച വീട്ടീല്‍ പോണേനു മുമ്പ്‌ ചുമ്മാ ബ്ലോഗ്‌ ഒന്നു തുറന്ന് നോക്കി.."എന്റെ കര്‍ത്താവേ...ഇതാരാ ഈ തേങ്ങാ ഉടച്ചിരിക്കുന്നേ...". സംഗതി പുള്ളീക്കാരി വലിയ പാചക നിപുണ തന്നെ!! കൈനീട്ടം മോശമില്ല..വേറെ 2 -3 പുലികള്‍ കൂടി കമന്റിയിട്ടൂണ്ട്‌..ഇഡലിക്ക്‌ വേറേം...എല്ലാവര്‍ക്കു നന്ദിയെഴുതി ഹാപ്പിയായി വീട്ടില്‍ പോയി...

നാട്ടില്‍ ചക്കപ്പഴത്തിന്റെ സുവര്‍ണ്ണകാലം..വീട്ടീലെ എല്ലാ പ്ലാവുകളിലും നിറയെ ചക്കകള്‍...ചക്കകൊണ്ടുണ്ടാക്കാവുന്ന എല്ലാത്തരം വിഭവങ്ങളും ആസ്വദിച്ചു ഇന്ന് രാവിലെ തിരിച്ചെത്തി...ഓഫീസ്‌ തിരക്കിനിടക്ക്‌ ബ്ലോഗ്‌ നോക്കാന്‍ പറ്റിയില്ല..വൈകിട്ട്‌ ഹോട്ടലില്‍ നിന്ന് കഴിച്ച്‌ വീട്ടില്‍ എത്തി..നല്ല ക്ഷീണം...വെറുതേ ഒന്ന് ബ്ലോഗില്‍ നോക്കാം...

കമന്റുകള്‍ എത്ര.... 36....
"കൊള്ളാല്ലോ....ഇത്ര മാത്രം എന്തെഴുതാന്‍.."
ഒന്നു കൂടി നോക്കി....636..
"ഹീ ഹീ...ഈ ഗൂഗിളും പൊട്ടയായല്ലോ....നമ്പറൊക്കെ തോന്നിയ മാതിരിയായി.."

തുറന്നപ്പോഴല്ലേ പൂരം..ഈ ആഘോഷം, അര്‍മാദം ഒരു ക്രിക്കറ്റ്‌ മല്‍സരം പോലെ ലൈവ്‌ ആയി അനുഭവിക്കാന്‍ കഴിഞ്ഞില്ലല്ലോ ഭഗവാനേ...

പിന്നെയാണ്‌ വിവാദങ്ങള്‍ കണ്ടത്‌..ഓഫ്‌ ടോക്കിന്റെ ധാര്‍മ്മികതയും മറ്റും(ഒപ്പം പ്രതികരണങ്ങളും)..ഞാന്‍ എന്താണേലും ഹാപ്പിയണു. ചുമ്മാ എല്ലാവര്‍ക്കു കുറച്ച്‌ നേരമ്പോക്ക്‌ ഒരുക്കാന്‍ എന്റെ പൊട്ട ദോശക്കും ചമ്മന്തിക്കും കഴിഞ്ഞല്ലോ...ബ്ലൊഗിന്റെ ഉള്ളടക്കം കണ്ടിട്ടല്ല, പുലികളുടെ സാന്നിധ്യം കണ്ടിട്ടാണേലും കേട്ടവര്‍, കേട്ടവര്‍ വന്ന് കമന്റിട്ടതിലും വളരെ സന്തോഷം....ആദ്യമായതിന്റെ ത്രില്‍ ആവാം...എന്താണേലും എനിക്ക്‌ നന്നേ രസിച്ചു. ക്വട്ടേഷന്‍ ഒന്നും കൊടുത്തിട്ടില്ല കേട്ടോ..പേടിക്കേണ്ട...ഇനി ദോശയുണ്ടാക്കുമ്പോള്‍ വന്നാല്‍ എല്ലാവര്‍ക്കു ഒാരോ ദോശ തരാം.

പിന്നെ പഴയ ബൂലോകത്തിനെക്കുറിച്ചും, അതിനു പിന്നില്‍ അഹോ രാത്രം, പ്രവര്‍ത്തിച്ച, കഷ്ടപ്പെട്ട എല്ലാവരേയും കുറിച്ച്‌ ബഹുമാനം മാത്രമേയുള്ളൂ....വെറുമൊരു ദോശയിന്മേല്‍ നടത്തിയ അര്‍മ്മാദത്തേക്കാള്‍ തുലൊം വ്യത്യസ്തമായിരുന്നു അന്നത്തെ സംവാദങ്ങള്‍ എന്നു മനസ്സിലാക്കനുള്ള സാമാന്യബോധമൊക്കെ പുതിയതായി ബൂലൊകത്തെത്തിയവര്‍ക്കും ഉണ്ട്‌.. വിവാദങ്ങള്‍ക്ക്‌ വിട...എന്തിന്റെ പേരിലാണേലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ( പരിചയമുള്ളവരും , ഇല്ലാത്തവരും ) ഒന്നു ചേരുന്ന് അര്‍മ്മാദിക്കുന്നത്‌ സന്തോഷമുള്ള കാര്യം തന്നെയാണ്‌. കുറഞ്ഞ പക്ഷം പ്രവാസികള്‍ക്കെങ്കിലും( ഒറ്റക്കാണേല്‍ പറയുകയും വേണ്ട..ലക്ഷണം. അര്‍ത്ഥാപത്തി..."അര്‍ത്ഥാപത്തിയിതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം.")

എന്താണേലും ഇഞ്ചിച്ചേച്ചിയുടെ കൈനീട്ടം സൂപ്പര്‍ !!! അടുത്ത വിഷുദിനത്തില്‍ കാശായിട്ട്‌ വല്ലോം തരണേ....

കമന്റുകള്‍ ഒരു അവലോകനം...
===================
1.ഇഞ്ചിപ്പെണ്ണ്‌ - 68
2.പ്രമോദ്‌ കെ എം - 59
3.പൊന്നപ്പന്‍ - 58
4.ബിന്ദു - 52
5.സാജന്‍ - 50
6.കുമാര്‍ -47
7.ദേവന്‍ - 37
8.നിര്‍മ്മല -32
9.സു - 31
10.ഷിജു അലക്സ്‌ -27
11.ഡാലി - 24
12.കുട്ടിച്ചാത്തന്‍- 18(ഡീല്ലീറ്റിയതു ഉള്‍പ്പെടെ)
13.പച്ചാളം - 18
14.ആഷ -15(എല്ലാം ഡിലീറ്റിയതു മാത്രം)
15.സന്തോഷ്‌ -12
16.വക്കാരിമഷ്ടാ- 10
17.സാന്‍ഡോസ്‌ - 9
18.കരീമാഷ്‌ -9
19.മൂര്‍ത്തി - 6
20.റീനി -5
21.വിശാലമനസ്കന്‍ - 5
22.തരികിട -4
23.ഉണ്ണിക്കുട്ടന്‍ - 3
24.അംബി -2
25.എവൂരാന്‍- 2
26.പീലിക്കുട്ട്യ്‌ -2
27.പൊതുവാള്‍-2
28.തമനു-1
29.ആലിഫ്‌ -1
30.ഡിങ്കന്‍ - 1
31.സതീശ്‌ മാക്കോത്ത്‌ - 1
32.r p -1
33.മനു -1
34.പെരിങ്ങോടന്‍ -1
35.കിരണ്‍സ്‌ -1
36.അനാഗതശ്മശ്രു -1
37.അഗ്രജന്‍ -1
38.നിമിഷ -1
39.അഖില -1
40.തറവാടി -1
41.കുറുമാന്‍ -1
42.കുട്ടന്മേനോന്‍ -1
43.ഉമേഷ്‌-1
44.ആവനാഴി-1
45.ഏറനാടന്‍ - 1
46.ശിശു - 1
47.കുതിരവട്ടന്‍ -1
48.ഉണ്ടാപ്രി(ഈ ഞാന്‍ തന്നെ!)-1

പേരില്ലാത്തത്‌ - 8
മൊത്തം - 636

നാഴികകല്ലുകള്‍
============
50 - ഇഞ്ചിപ്പെണ്ണ്‍
100- പ്രമോദ്‌ കെ എം
150- ഡാലി
200- സു
250- കുമാര്‍
300- കുമാര്‍
350- ബിന്ദു
400- ഷിജു അലക്സ്‌
450- പ്രമോദ്‌ കെ എം.
500- സാജന്‍
550- ബിന്ദു
600- ഇഞ്ചിപെണ്ണ്‌
636- ബിന്ദു

നോട്ട്‌: ഇനി ഇതിനു ഒരു ആയിരമോ, പതിനായിരമോ കമന്റിടുന്നതില്‍ എനിക്ക്‌ വിരോധം ഇല്ല. എന്നിലും കമന്റ്‌ അഡ്രസ്സില്‍ "പിന്മൊഴി" എന്ന് ചേര്‍ക്കാന്‍ എന്നെ ആദ്യമായി ഉപദേശിച്ച ശ്രീജിത്തിന്റെ ആരോഗ്യത്തെക്കരുതി ആരും പിന്മൊഴി ഓവര്‍ലോഡ്‌ ചെയ്യരുത്‌..(കൊരട്ടി ?)

സെല്‍ഫ്‌ ഗോള്‍: ഉണ്ടാപ്രിക്ക്‌ വട്ടായെന്നാ തോന്നുന്നെ... ഒരു 16636 മതി..100 അയാള്‍ക്ക്‌, 251 മറ്റവനു...ഉറക്കത്തിലും എന്തൊക്കെയോ കണക്കുകള്‍ കൂട്ടൂന്നു.. പിറുപിറുക്കുന്നു.... ഒപ്പം ഇഞ്ചിച്ചേച്ചി എന്റെ തലതൊട്ടമ്മ എന്നൊക്കെപ്പറയുകയും ചെയ്യുന്നു...ആരെങ്കിലും ഒന്നു സഹായിക്കുമോ പ്ലീസ്‌....