ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, March 07, 2007

അമ്മ പറഞ്ഞ കഥകള്‍

1.
************************************************************************
"എവിടെപ്പോയതാ എന്റെ ശാരദാമ്മേ ?"
"മകന്റെ വീട്ടീല്‍ നിന്നും വരുന്ന വഴിയാണേ.."
"എന്നാക്കെയുണ്ട്‌ വിശേഷങ്ങള്‍ ?"
"ഓ എന്നാ പറായാനാ. അവന്റെ ഒരു കഷ്ടകാലം.."
"എന്നാതാ എന്നാ പറ്റി"
"മരുമകള്‍ ഒരു പണിയും ചെയ്യില്ലന്നേ. രാവിലെ കഞ്ഞീം കറിയും വച്ച്‌ അലക്കും കഴിഞ്ഞേച്ച്‌ അവള്‍ ചുമ്മായിരിക്കും, മാര്‍ക്കറ്റില്‍ പോക്കും, പിള്ളേരെ സ്കൂളില്‍ നിന്നും കൊണ്ടു വരുന്നതും ഒക്കെയായി മകനു പിടിപ്പതു പണിയാ..അവനാകെയങ്ങു മെലിഞ്ഞു പോയി."
"അയ്യോ കഷ്ടം !! പിന്നെ ശാരദാമ്മയുടെ മകള്‍ക്കെന്നാ ഉണ്ട്‌ വിശേഷം"
"അവള്‍ക്ക്‌ പരമസുഖമാ കേട്ടോ..ചുമ്മായിരുന്നാല്‍ മതി. കഞ്ഞി വക്കുന്നതുള്‍പ്പെടെ എല്ലാ പണിയും കെട്ടിയോന്‍ ചെയ്യും !!!"


2.
************************************************************************
" ഈ നാശം പിടിച്ച മരുമോളുടെ കാര്യം ഒന്നും പറയേണ്ട...എല്ലാ ഓണത്തിനും വിഷൂനും ഓണത്തിനും വിഷൂനും എണ്ണ തേച്ചുകുളിയാ..കുടുമ്മം വെളുപ്പിക്കാനായിട്ട്‌....
അതേ സമയം എന്റെ മോളാണെങ്കില്‍ എന്തു മര്യാദക്കാരിയാ...അവള്‍ ചൊവ്വാഴ്ച തേച്ചു കുളിച്ചാല്‍ പിന്നെ വെള്ളിയാഴ്ചയേ തേച്ചു കുളിക്കൂ..."


3.
************************************************************************
"ഡാ ശങ്കരാ..."
"അടിയന്‍"
"നീയ്യാ പ്ലാവില്‍ നിന്നും ഒരു ചക്ക പറിച്ചോണ്ടു വാ"
"അടിയന്‍"
"ഒരെണ്ണം മാത്രമേ പറിക്കാവൂ. മനസ്സിലായല്ലോ.."
"അടിയന്‍"

ഡും...ഡും

"എന്താദ്‌, രണ്ടു ശബ്ദം കേട്ടല്ലോ..നിന്നോട്‌ ഒന്നേ പറിക്കാവൂ എന്ന് പറഞ്ഞതല്ലേ..ഏഭ്യന്‍ "
"ഒന്നടിയനാണേ."
"നിനക്കൊന്നു വേണേന്‍ നൊമ്മോടു ചോദിക്കേണ്ടേ..ശുംഭന്‍"
"വീണതില്‍ ഒന്ന് അടിയനാണേ.."
"വീണതു രണ്ടും നോമെടുക്കും. അഹങ്കാരി നീ അത്രക്കായോ "
"അതല്ലേ..ചക്ക ഒന്നേ വീണൊള്ളേ..രണ്ടാമതു വീണത്‌ അടിയനാണേ.."